താൻ മരിച്ചിട്ടില്ലെന്ന് നസറുദീൻ ഷാ; വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന് അഭ്യർഥിച്ച് താരവും കുടുംബാംഗങ്ങളും

single-img
2 May 2020

മുംബൈ: ബോളിവുഡിന് ഇത് നഷ്ടങ്ങളുടെ സമയമാണ്. ഹിന്ദി സിനിമാലോകത്തെ പ്രശസ്ത താരങ്ങളായ ഇര്‍ഫാന്‍ ഖാന്റെയും ഋഷി കപൂറിന്റെയും മരണം മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു. ഇരുവരുടെയും വിയോഗത്തില്‍ വേദന മാറും മുന്‍പേ ഇതാ ഒരു വ്യാജവാർത്തയുമായി ഇറങ്ങിയിരിക്കുകയാണ് സോഷ്യൽ മീഡിയയിലെ മനോരോഗികൾ. ഇന്ത്യന്‍ സിനിമയിലെ മറ്റൊരു ഇതിഹാസമായ നസറുദ്ദീന്‍ ഷായുടെ മരണവാര്‍ത്തയാണ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

നസ്റുദ്ദീന്‍ ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം മരിച്ചുവെന്നും അടക്കമുളള അഭ്യൂഹങ്ങളാണ് പലരും സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചത്. വ്യാജവാര്‍ത്തകള്‍ കണ്ട് ആളുകൾ കാര്യം തിരക്കാൻ തുടങ്ങിയതോടെ പ്രതികരണവുമായി നസറുദ്ദീന്‍ ഷായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും നേരിട്ട് രംഗത്തെത്തുകയായിരുന്നു.

ഷായ്ക്ക് കുഴപ്പമൊന്നും ഇല്ലെന്നും ഇപ്പോൾ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഷായുടെ ഭാര്യയും പ്രശസ്ത നടിയുമായ രത്ന പഥക് വ്യക്തമാക്കി. അദ്ദേഹം ആരോഗ്യത്തോടെ തന്നെ ഇരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രതികരണവുമായി നസറുദ്ദീന്‍ ഷാ തന്നെ രംഗത്ത് വന്നു.

‘തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച്‌ തിരക്കുന്ന എല്ലാവരോടും നന്ദി പറയുന്നു. താന്‍ സുഖമായി വീട്ടിലിരുന്ന് ലോക്ക്ഡൗണ്‍ നിരീക്ഷിക്കുകയാണ്. അഭ്യൂഹങ്ങളൊന്നും ദയവ് ചെയ്ത് വിശ്വസിക്കാതിരിക്കുക’ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

‘പ്രശ്നങ്ങളൊന്നുമില്ല. ബാബ സുഖമായിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ചുളള എല്ലാ പ്രചാരണങ്ങളും വ്യാജമാണ്. അദ്ദേഹം സുഖമായി തുടരുന്നു. ഇര്‍ഫാന്‍ ഭായിക്കും ചിന്റു ജിക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. അവരെ വളരെ അധികം മിസ്സ് ചെയ്യുന്നു. അവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. ഇത് വളരെ വേദനിപ്പിക്കുന്ന നഷ്ടമാണ്’ എന്ന് ഷായുടെ മകന്‍ വിവാന്‍ ഷായും പ്രതികരിച്ചു.