അമേരിക്ക ഇന്ത്യയിൽ നിന്നും ചോദിച്ചു വാങ്ങിയ ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കുന്ന രോഗികളിൽ മരണനിരക്ക് കൂടുതലാണെന്നു പഠനം

single-img
22 April 2020

ഇന്ത്യ അമേരിക്കയിലേക്ക് കയറ്റിയയച്ച ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കുന്ന കൊറോണ വൈറസ് രോഗികളിൽ മരണനിരക്ക് കൂടുതലാണെന്ന് പഠനങ്ങൾ. യുഎസ് വെറ്ററൻസ് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ മെഡിക്കൽ സെന്ററുകളിലെ നൂറുകണക്കിന് രോഗികളിൽ നടത്തിയ പഠനത്തിലൂടെയാണ് ഇക്കാര്യം വ്യക്തമായതെന്നാണ് റിപ്പോർട്ടുകൾ.

വെറ്ററൻസിന്റെ മെഡിക്കൽ ചാർട്ടുകൾ ഉദ്ധരിച്ചുകൊണ്ടുള്ള പഠന റിപ്പോർട്ട് ചൊവ്വാഴ്ച ഒരു വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഈ വിവരങ്ങൾ അവലോകനം ചെയ്യുകയോ മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തും വിർജീനിയ സർവകലാശാലയുമാണ് ഗവേഷണത്തിന് ധനസഹായം നൽകിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. 

368 രോഗികളിൽ നടത്തിയ പഠനത്തിൽ ഹൈഡ്രോക്സിക്ലോറോക്വിൻ നൽകിയ  97 രോഗികളിൽ 27.8 ശതമാനം മരണനിരക്ക് ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഈ  മരുന്ന് കഴിക്കാത്ത 158 രോഗികൾക്ക് 11.4 ശതമാനം മാത്രമേ മരണനിരക്കുണ്ടായിരുന്നുള്ളു. 

“ഹൈഡ്രോക്സിക്ലോറോക്വിൻ ചികിത്സിച്ച രോഗികളിൽ മാത്രം ഉയർന്ന മരണനിരക്ക് കണ്ടെത്തിയിട്ടുള്ളത്. ഈ മരുന്നുകൾ ചികിത്സയ്ക്ക് വ്യാപകമായി  ഉപയോഗിക്കുന്നതിനു മുൻപ് ഇത്തരത്തിലുള്ള സ്ഥിതിവിശേഷമായിരുന്നില്ല ഇവിടെ. ഇതിനെപ്പറ്റി കൂടുതൽ പഠനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്´´- സൗത്ത് കരോലിനയിലെ ഹെൽത്ത് കെയർ സിസ്റ്റത്തിൽ ജോലി ചെയ്യുന്നവർ വെളിപ്പെടുത്തുന്നു. 

കോവിഡ് -19 ബാധിച്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കുന്നത് മെക്കാനിക്കൽ വെൻറിലേഷൻ സാധ്യത കുറച്ചതായി കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. 

കോവിഡ് -19 തടയുന്നതിനോ ചികിത്സിക്കുന്നതിനോ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ച മരുന്നുകളൊന്നും നിലവിലില്ല. മരുന്നുകൾ കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങൾ അമേരിക്കയിൽ ഉൾപ്പെടെ നടന്നുവരികയാണ്. 

മലേറിയ, ല്യൂപ്പസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് തുടങ്ങിയ രോഗങ്ങളുള്ള രോഗികളെ ചികിത്സിക്കാൻ പതിറ്റാണ്ടുകളായി ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കുന്നു. കോവിഡ് -19 ന്റെ ഗെയിം ചേഞ്ചർ എന്നാണ് ട്രംപ് ഈ മരുന്നിനെ വിശേഷിപ്പിച്ചത്. എന്നാൽ ഈ മരുന്നിൻ്റെ ഫലസിദ്ധിയെപ്പറ്റി ഇനിയും പഠിക്കേണ്ടതുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. 

അടുത്തിടെ നടന്ന മറ്റൊരു പഠനത്തിൽ, ഫ്രാൻസിലെ ഗവേഷകർ ന്യുമോണിയ ബാധിച്ച 181 കോവിഡ് -19 രോഗികളിൽ പകുതിപേർക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് 48 മണിക്കൂറിനുള്ളിൽ ഹൈഡ്രോക്സിക്ലോറോക്വിൻ നൽകിയിരുന്നു. എന്നാൽ ഈ മരുന്ന് പ്രയോഗിക്കപ്പെട്ടവരിൽ മറ്റുള്ളവരേക്കാൾ മരണനിരക്കിൽ കാര്യമായ വ്യത്യാസമില്ലെന്നാണ് കണ്ടെത്തിയത്. 

മാത്രമല്ല മരുന്ന് കഴിച്ച എട്ട് രോഗികൾക്ക് അസാധാരണമായി ഹൃദയമിടിപ്പ് വർധിച്ചതായും അതുമൂലം മരുന്ന് കഴിക്കുന്നത് നിർത്തേണ്ടിവന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.