അസുഖം നിങ്ങളിൽ നിന്നും ഞങ്ങൾക്കു പകരില്ല, പക്ഷേ ഞങ്ങളിൽ നിന്നും നിങ്ങൾക്കു പകരാം: കേരളത്തിൽ നിന്നുള്ള വാഹനങ്ങളെ തമിഴ്നാട് അതിർത്തിയിൽ തടഞ്ഞ് തമിഴ്നാട്ടിലെ ജനങ്ങളും പൊലീസും

single-img
20 April 2020

തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന തിരുവനന്തപുരം ജില്ലയിലെ കളിയിക്കാവിളയിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങളെ തടഞ്ഞ് തമിഴ്നാട് പോലീസും ജനങ്ങളും. ലോക ഡൗൺ ഇളവിൻ്റെ പശ്ചാത്തലത്തിൽ വാഹനങ്ങളുമായി യാത്ര ചെയ്ത മലയാളി സംഘങ്ങളെയാണ്  അതിർത്തിയിൽ വച്ച് തമിഴ്നാട് പൊലീസും ജനങ്ങളും കൂട്ടമായി തടഞ്ഞത്. 

രാജ്യത്ത് കൊറോണ വൈറസ് വ്യാപനം ദ്രുതഗതിയിൽ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്. ഈ സാഹചര്യത്തിൽ മറ്റു സംസ്ഥാനങ്ങളുമായുള്ള അതിർത്തികൾ തമിഴ്നാട് സർക്കാർ അടച്ചു കഴിഞ്ഞു. ചിട്ടയായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ കേരളം കൊറോണയെ അതിജീവിച്ചു വരികയാണ്. ഈ അവസരത്തിൽ തമിഴ്നാട്ടിലേക്ക് വരുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് കേരളീയരെ തടയുന്നത്. 

കേരളീയർ തമിഴ്നാട്ടിൽ എത്തിയാൽ തങ്ങൾക്ക് രോഗം വരുമെന്നല്ല, ഞങ്ങളിൽ നിന്നും നിങ്ങൾക്ക് രോഗം പടരുമെന്നാണ് തമിഴ്നാട് അതിർത്തിയിൽ താമസിക്കുന്നവർ പറയുന്നത്. അതുകൊണ്ട് രോഗത്തിന് ഒരു ശമനം ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങൾ പാലിക്കുക തന്നെ വേണമെന്നും അവർ വ്യക്തമാക്കുന്നു. ഇന്നു രാവിലെ തമിഴ്നാട് അതിർത്തിയിലെത്തിയ കേരള വാഹനങ്ങളെ തമിഴ്നാട്ടിലെ ജനങ്ങളും പൊലീസും ചേർന്ന് തടഞ്ഞിരുന്നു. 

അതേസമയം തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇടുക്കി, പാലക്കാട് ജില്ലകളിൽ നിയന്ത്രണങ്ങൾക്ക് അയവ് വന്നതോടെ ഇവിടം ലക്ഷ്യമാക്കി കൊവിഡ് ഭീതി തുടരുന്ന തമിഴ്നാട്ടിൽ നിന്നും മറ്റും കൂടുതൽ പേരെത്താൻ സാദ്ധ്യതയുണ്ടെന്നും കേരളത്തിലെ ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുന്നറിയിപ്പിനെ തുടർന്ന് അതി‌ർത്തികളും ഊടുവഴികളിലും ജാഗ്രത പുലർത്താൻ പൊലീസിനും ആരോഗ്യ വകുപ്പിനും നിർദേശമുണ്ട്. കൊവിഡ് കേസുകൾ ധാരാളമായി റിപ്പോർട്ട് ചെയ്ത തേനിയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് ഇടുക്കിയിലേക്ക് എത്തിയ ഏതാനുംപേരെ നെടുങ്കണ്ടം സ്കൂളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 

പത്തനംതിട്ട , എറണാകുളം, കൊല്ലം ജില്ലകളിൽ 24 മുതൽ നിയന്ത്രണങ്ങൾക്ക് അയവ് വരുന്നതോടെ ദക്ഷിണ, മദ്ധ്യ കേരളത്തിലെ ജനജീവിതം ഏതാണ്ട് സാധാരണനിലയിലേക്ക് എത്തും. എന്നാൽ കൊവിഡ് ഭീതി തുടരുന്ന മലബാർ മേഖലയിൽ മലപ്പുറം മുതൽ കാസർകോട് വരെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. 

എന്നാൽ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതോടെ ജനങ്ങൾ കൂട്ടംകൂട്ടമായി നിരത്തിലിറങ്ങിയ പശ്ചാത്തലത്തിൽ ഇളവുകൾ എടുത്തു കളയുവാനുള്ള ആലോചനകളും നടക്കുന്നുണ്ട്. ഈ ഒരു സാഹചര്യത്തിൽ അസുഖം വ്യാപനമുണ്ടായാൽ വൻദുരന്തം ആയിരിക്കും കേരളത്തെ കാത്തിരിക്കുന്നതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.