കോവിഡ് 19: നിസാമുദ്ദിൻ സമ്മേളനം പ്രതിരോധ നടപടികൾക്ക് തിരിച്ചടിയായെന്ന് രാഷ്ട്രപതി

single-img
4 April 2020

ഡൽഹി : നിസാമുദ്ദിനിലെ തബ് ലീഗ് ജമാ അത്ത് സമ്മേളനം കൊവിഡ് പ്രതിരോധ നടപടികൾക്ക് തിരിച്ചടിയായെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു.സ്വദേശത്തേക്ക് മടങ്ങുന്നതിനായി ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ ഡൽഹി ആനന്ദ്‌വിഹാറിലെത്തിയതും തബ്‍ലീഗ് സമ്മേളനവും കൊറോണ വൈറസ് വ്യാപനത്തിനെതിരായ രാജ്യത്തിന്റെ പ്രതിരോധ നടപടികള്‍ക്ക് തിരിച്ചടിയായെന്നാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞത് . രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ രണ്ടു സംഭവങ്ങളിലുമുള്ള ആശങ്ക രാഷ്ട്രപതി രേഖപ്പെടുത്തിയിരിക്കുന്നത്.

കോവിഡ് 19-നെതിരായ പോരാട്ടത്തില്‍ അസമാന്യമായ കരുത്തും അച്ചടക്കവും, ഐക്യവും കാണിച്ച് രാജ്യത്തെ ജനങ്ങള്‍ ഒരു മാതൃക സൃഷ്ടിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പാക്കണം. എന്നാൽ, സാമൂഹിക അകലത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും ഗവര്‍ണമാര്‍, ലഫ്.ഗവർണര്‍മാര്‍, സംസ്ഥാന, കേന്ദ്ര ഭരണപ്രദേശ ഭരണാധികാരികള്‍ എന്നിവരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

അദൃശ്യനായ ശത്രുവിനെതിരായ പോരാട്ടത്തില്‍ അലസതയ്ക്കോ, അലംഭാവത്തിനോ സ്ഥാനമില്ലെന്നും യോഗം ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഡോക്ടര്‍മാര്‍ക്കും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നിന്ന് നേരിടേണ്ടി വന്ന അതിക്രമങ്ങളില്‍ രാഷ്ട്രപതി ആശങ്ക പ്രകടിപ്പിച്ചു.