കൊറോണയെ നേരിടാൻ ക്യൂബയിൽ നിന്നും മരുന്ന് കൊണ്ടുവരുന്ന കാര്യം ആലോചനയിലെന്ന് മുഖ്യമന്ത്രി

single-img
27 March 2020

കൊറോണ വൈറസ് രോഗത്തെ നേരിടാൻ ക്യൂബയിൽ വികസിപ്പിച്ചെടുത്ത മരുന്ന് കൊണ്ടുവരുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി. ഇതിനായി ഡ്രഗ്സ് കണ്ട്രോളർ ജനറലിന്റെ അനുമതി തേടുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

“ക്യൂബയുടെ അത്ഭുത മരുന്ന്” എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വാഴ്ത്തിയ ഇന്റർഫെറോൺ ആൽഫ-2 ബി റീകോംബിനന്റ് (Interferon Alpha-2B Recombinant -IFNrec) എന്ന മരുന്നിന്റെ കാര്യമാണ് മുഖ്യമന്ത്രി പരാമർശിച്ചതെന്നാണ് റിപ്പോർട്ടുകൾ. ക്യൂബയും ചൈനയും ചേർന്ന് സംയുക്തമായാണ് ഈ മരുന്ന് വികസിപ്പിച്ചെടുത്തത്. കോവിഡ് 19 രോഗത്തിനെതിരായി ഉപയോഗിക്കാൻ ചൈന തെരെഞ്ഞെടുത്ത 30 മരുന്നുകളുടെ പട്ടികയിലുള്ള മരുന്നാണിത്.

രോഗം വർദ്ധിക്കുകയും അതിന്റെ സങ്കീർണ്ണതമൂലം മരണം സംഭവിക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ ഇന്റർഫെറോൺ മരുന്ന് സഹായിക്കുമെന്ന് ക്യൂബൻ ജൈവസാങ്കേതികവിദ്യാ വിദഗ്ദയായ ലൂയിസ് ഹെരേര മാർട്ടിനെസ് പറഞ്ഞതായി ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ പതിനഞ്ചിലധികം രാജ്യങ്ങൾ ഈ മരുന്നിനായി ക്യൂബയെ സമീപിച്ചിട്ടുണ്ട്. എന്നാൽ ഈ മരുന്ന് കോവിഡ് 19 ഭേദമാക്കുമെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

നിലവിൽ എച്ച് ഐവി, ഹ്യൂമൻ പാപ്പിലോമ വൈറസ്, ഹെപ്പറ്റിറ്റിസ് ബി &സി( HIV, human papilloma virus, Hepatitis B and C ) എന്നിവയെ ഫലപ്രദമായി നിയന്ത്രിക്കാൻ ക്യൂബയുടെ ഇന്റർഫെറോൺ മരുന്നുകൾക്ക് കഴിയുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

എന്താണ് ഇന്റർഫെറോണുകൾ?

നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധവ്യവസ്ഥയുടെ ഭാഗമായ പ്രോട്ടീനുകളാണ് ഇന്റർഫെറോൺസ്. വൈറസുകളുമായി ഇടപെട്ട് (interfere) അവ പെരുകുന്നതിനെ തടയുന്നതിനാലാണിവയെ ഇന്റർഫെറോണുകൾ (interferons) എന്ന് വിളിക്കുന്നത്.

ഇന്റർഫെറോണുകൾ പ്രധാനമായും മൂന്നുതരത്തിലാണുള്ളത്:

  • ഇന്റർഫെറോൺ ആൽഫ- വൈറസ് ബാധിച്ച കോശങ്ങൾ ഉല്പാദിപ്പിക്കുന്ന പ്രോട്ടീൻ
  • ഇന്റർഫെറോൺ ബീറ്റ- പ്രതിരോധവ്യവസ്ഥയ്ക്ക് മുന്നറിയിപ്പ് കൊടുക്കാനായി ഉല്പാദിപ്പിക്കുന്ന പ്രോട്ടീൻ
  • ഇന്റർഫെറോൺ ഗാമ: രോഗാണുക്കളെ നേരിടാൻ ശ്വേതരക്താണുക്കൾ പുറപ്പെടുവിക്കുന്ന പ്രോട്ടീനുകൾ

ഇത്തരം പ്രോട്ടീനുകളുടെ മനുഷ്യനിർമ്മിതരൂപങ്ങളാണ് ഇന്റർഫെറോൺ മരുന്നുകൾ. വൈറസുകളെ തിരിച്ചറിഞ്ഞ് അവ പെരുകുന്നത് തടയാൻ ശരീരത്തെ സഹായിക്കുക എന്നതാണ് ഈ മരുന്നുകളുടെ ധർമ്മം. ക്യാൻസർ ചികിത്സയ്ക്കാണ് ഈ മരുന്നുകൾ ആദ്യം ഉപയോഗിച്ചിരുന്നത്. എച്ച്ഐവി-എയിഡ്സ് രോഗികളെ ചികിത്സിക്കാൻ ഈ മരുന്നുകൾ ഉപയോഗിക്കാറുണ്ട്.

1981-ൽ ക്യൂബയിൽ പടർന്നുപിടിച്ച രക്തസ്രാവ ഡെങ്കു (haemorrhagic dengue) ചികിത്സിക്കാനാണ് ക്യൂബ ആദ്യമായി ഇന്റെർഫെറോൺ മരുന്നുകൾ കണ്ടെത്തിയത്. 1986-ലാണ് ക്യൂബ റീക്കോംബിനന്റ് ഹ്യൂമൻ ഇന്റെർഫെറോൻ ആൽഫ 2 ബി മരുന്നുകൾ വികസിപ്പിച്ചത്.

അമേരിക്ക ക്യൂബയുടെ മുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധമാണ് ക്യൂബയുടെ നേട്ടങ്ങൾ ലോകരാജ്യങ്ങളുമായി പങ്കുവെയ്ക്കാനും അതുവഴി കൂടുതൽ മെച്ചപ്പെട്ട കണ്ടെത്തലുകൾ നടത്താനുമുള്ള പ്രധാനതടസമെന്നാണ് ക്യൂബ ആരോപിക്കുന്നത്.