‘ഇത് നീതിയുടെ ദിനം, രാജ്യത്തെ പെണ്‍മക്കളുടെ ദിനം’; വധശിക്ഷയില്‍ പ്രതികരിച്ച് നിര്‍ഭയയുടെ മാതാപിതാക്കള്‍

single-img
20 March 2020

ഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതില്‍ പ്രതികരിച്ച് നിര്‍ഭയയുടെ മാതാപിതാക്കള്‍.ഈ ദിനം രാജ്യത്തെ പെണ്‍മക്കളുടേതാണ്.അവര്‍ക്ക് ഇത് പുതിയ പ്രഭാതമാണ്. നിര്‍ഭയയുടെ അമ്മ ആശാ ദേവി പറഞ്ഞു.ഞാനവളുടെ ഫോട്ടോയെ കെട്ടിപ്പിടിച്ചു ആമൃഗങ്ങളെ തൂക്കിലേറ്റിയെന്ന് അവളോടു പറഞ്ഞു. പ്രതികളെപ്പോലെ ഞങ്ങളും അവസാന നിമിഷം വരെ പോരാടിയെന്നും സര്‍ക്കാരിനും നീതിപീഠത്തിനും നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.

ഇത് നീതിയുടെ ദിനമാണെന്ന് നിര്‍ഭയയുടെ പിതാവ് ബദ്രിനാഥ് സിങ് പറഞ്ഞു. രാജ്യത്തുള്ള എല്ലാ വനിതകള്‍ക്കും ഇന്ന് സന്തോഷിക്കാം. നിര്‍ഭയയുടം സന്തോഷിക്കുന്നുണ്ടാകും. മാര്‍ച്ച് 20 നിര്‍ഭയ ന്യായ് ദിവസമായി ആചരിക്കണമെന്നും നിര്‍ഭയയുടെ മാതാപിതാക്കള്‍ പറഞ്ഞു.

കുറ്റം നടന്ന് ഏഴുവര്‍ഷവും മൂന്നുമാസങ്ങളും കഴിഞ്ഞാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയത്. ഇന്ന് രാവിലെ 5.30 ന് നിര്‍ഭയ കേസിലെ നാലു പ്രതികളെ തിഹാര്‍ ജയിലില്‍ ഒരുമിച്ചു തൂക്കിലേറ്റുകയായിരുന്നു. മുകേഷ് കുമാര്‍ സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവരെയാണു വധശിക്ഷയ്ക്കു വിധേയരാക്കിയത്. ആരാച്ചാര്‍ പവന്‍ ജല്ലാദാണു ശിക്ഷ നടപ്പാക്കിയത്.