തൂക്കിലേറ്റപ്പെട്ട പ്രതികളുടെ വിൽപ്പത്രങ്ങളിൽ പറയുന്നത് ഇങ്ങനെ…

single-img
20 March 2020

തൂക്കിലേറപ്പെടുന്നതിന് മുമ്പ് നിർഭയ കേസിലെ പ്രതികൾ വിൽപ്പത്രം തയ്യാറാക്കിയിരുന്നു. മരണശേഷം നടക്കേണ്ട ആഗ്രഹങ്ങളും ഇവർ വിൽപത്രത്തിൽ രേഖപ്പെടുത്തിയിരുന്നു. നിര്‍ഭയ കേസില്‍ തൂക്കിലേറ്റപ്പെട്ട നാലുപ്രതികളിലൊരാള്‍ തൻ്റെ ശരീരം ദാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നെന്നാണ് റിപ്പോർട്ടുകൾ. കുറ്റവാളികളിലൊരാളായ വിനയ് ശര്‍മ്മ തന്റെ പെയിന്റിങ് ദാനം ചെയ്യാനും ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.  അതേസമയം പവനും അക്ഷയും ഒന്നും തന്നെ തൻ്റെ കുടുംബാംഗങ്ങള്‍ക്കോ മറ്റുള്ളവവര്‍ക്കോ നല്‍കാന്‍ ആഗ്രഹിച്ചിരുന്നില്ല.

പ്രതികള്‍ ജയിലില്‍ വെച്ച് സമ്പാദിച്ച തുക ബന്ധുക്കള്‍ക്ക് കൈമാറും. അക്ഷയ് കുമാര്‍ 69000 രൂപയാണ് ഇതുവരെ സമ്പാദിച്ചത്. പവന്‍ കുമാര്‍ ഗുപ്ത 39000 രൂപയും ജയിലില്‍ വെച്ച് സമ്പാദിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. 

ഇക്കഴിഞ്ഞ ജനുവരിയില്‍ വില്‍പത്രങ്ങളെഴുതാന്‍ പ്രതികള്‍ വിസമ്മതിച്ചിരുന്നു. വധശിക്ഷ നീട്ടിവെച്ചേക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. അതിനാലാണ് അന്ന്‌ വില്‍പത്രം എഴുതാന്‍ നാലുപേരും വിസമ്മതിച്ചത്. ഫെബ്രുവരിയില്‍ വധ ശിക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്നോടിയായി ആഗ്രഹം ആരാഞ്ഞപ്പോള്‍ നാലുപേരും അന്ന് നിശബ്ദരായിരുന്നുവെന്നും ജയിൽ അധികൃതർ വെളിപ്പെടുത്തുന്നു. 

അന്ന് ആഗ്രഹങ്ങളൊന്നുംതന്നെ ആരും രേഖപ്പെടുത്തിയിരുന്നില്ല. വധ ശിക്ഷ നീട്ടിവെക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അന്നവര്‍ നാലുപേരും. ഇന്നലെ രാവിലെ പ്രതികള്‍ക്ക് വേണ്ടി ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെക്കാന്‍ അഭിഭാഷകര്‍ വിചാരണ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മരണ വാറണ്ട് റദ്ദാക്കില്ലെന്ന് കോടതി നിലപാടെടുത്തു. തുടര്‍ന്ന് ഒമ്പതുമണിയോടെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജിയെത്തി. എന്നാല്‍ ഹര്‍ജി കോടതി തള്ളി. 

ഇതിന് പിന്നാലെ സുപ്രീം കോടതിയെ അഭിഭാഷകര്‍ സമീപിച്ചു.  അര്‍ധരാത്രി കോടതിമുറി തുറന്ന് പ്രതികള്‍ക്കുവേണ്ടി പരമോന്നത നീതി പീഠം വീണ്ടും വാദം കേട്ടു. ഇതിനെല്ലാമൊടുവിലാണ് രാജ്യം കാത്തിരുന്ന വിധി നടപ്പിലായത്.