കൊറോണയ്ക്കു മുന്നിൽ എന്ത് മതവിലക്ക്: മദ്യം വൈറസിനെ തുരത്തുമെന്ന വ്യാജപ്രചരണം വിശ്വസിച്ച് ഇറാനിൽ വ്യാജമദ്യം കഴിച്ച് 27 പേർ മരിച്ചു

single-img
10 March 2020

മദ്യം വൈറസിനെ തുരത്തുമെന്ന വ്യാജപ്രചരണം വിശ്വസിച്ച് വ്യാജമദ്യം കഴിച്ച് 27 പേർ മരിച്ചു. ഇറാനിൽ കോവിഡ്-19 പടരുന്ന സാഹചര്യത്തിലാണ് മതവിലക്ക് കടന്ന് മദ്യം കഴിച്ചത്. തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖുസെസ്താനിൽ ഇരുപത്പേരും വടക്കൻ പ്രവിശ്യയായ അൽബോർസിൽ ഏഴുപേരുമാണ് മരിച്ചതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു.

വ്യാജമദ്യം കഴിച്ച് അവശനിലയിലായ 218 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഖുസെസ്താനിലെ ജണ്ടാഷാപുർ മെഡിക്കൽ കോളേജ് വക്താവ് പറ‌ഞ്ഞു. 

മുസ്ലിം വിഭാഗത്തിലുള്ളവർക്ക് മദ്യം ഉപയോഗിക്കുന്നതിന് ഇറാനിൽ വിലക്കുണ്ട്. മദ്യം കഴിച്ചാൽ കോവിഡ്-19യെ തുരത്താമെന്ന വ്യാജപ്രചരണം സാമൂഹികമാദ്ധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്. വ്യാജപ്രചരണങ്ങളിൽ വിശ്വസിക്കരുതെന്ന് ഇറാൻ ഭരണകൂടം പൗരൻമാർക്ക് മുന്നറിയിപ്പ് നൽകി.