പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഫാദര്‍ റോബിന്‍ വടക്കുംചേരിയെ വൈദികവൃത്തിയില്‍ നിന്നും പുറത്താക്കി: തീരുമാനമെടുത്തത് മാർപാപ്പ

single-img
1 March 2020

കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിയെ വൈദികവൃത്തിയില്‍ നിന്നും പുറത്താക്കി. മാര്‍പാപ്പയാണ് പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. കൊട്ടിയൂര്‍ ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് തലശ്ശേരി പോക്‌സോ കോടതി നല്‍കിയത് കടുത്ത ശിക്ഷയാണ്. മൂന്ന് വകുപ്പുകളിലായി അറുപത് വര്‍ഷത്തെ കഠിനതടവാണ് ശിക്ഷ വിധിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത് അറസ്റ്റിലായ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞ ഉടനെ തന്നെ പ്രാഥമിക അന്വേഷണം നടത്തി വൈദിക പദവിയില്‍ നിന്ന് മാനന്തവാടി രൂപതാ അധ്യക്ഷന്‍ സസ്‌പെന്റ് ചെയ്തിരുന്നു.

സസ്പെൻ്റ് ചെയ്തതിനു പിന്നാലെ പ്രസ്തുത സംഭവങ്ങളെക്കുറിച്ച് വിശദമായി അന്വേഷണവും പഠനവും നടത്തുന്നതിന് ഒരു കമ്മീഷനെ നിയമിക്കുകയും ചെയ്തു.  ആ കമ്മീഷന്‍ സമയബന്ധിതമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഈ വിവരങ്ങളെല്ലാം വത്തിക്കാനെ അറിയിക്കുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തില്‍ മാര്‍പാപ്പയാണ് ഇയാളെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. ഡിസംബറില്‍ അഞ്ചിന് പുറത്തിറക്കിയ ഉത്തരവില്‍ ചില നടപടിക്രമങ്ങള്‍ കൂടി പാലിക്കാനുള്ളതിനാലാണ് ഇത് സംബന്ധിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തിക്കാന്‍ വൈകിയതെന്ന് മാനന്തവാടി രൂപത അറിയിച്ചു.