ജോളിക്ക് വിഷാദ രോഗം: ഞരമ്പ് കടിച്ചുമുറിച്ചെന്നു പറഞ്ഞത് കള്ളം

single-img
27 February 2020

കൂടത്തായി കൂട്ടകൊലപാതക കേസിലെ പ്രതി ജോളിക്ക് വിഷാദരോഗം പിടിപെട്ടതായി സംശയം. ഇതുസംബന്ധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ടാണ് വെളിപ്പെടുത്തൽ നടത്തിയത്. കൈയിലെ ആഴത്തിലുള്ള മുറിവ് കല്ലുകൊണ്ടുണ്ടാക്കിയതാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ജോളിക്ക് രണ്ടുദിവസത്തിനകംആശുപത്രി വിടാനാകുമെന്നാണ് സൂപ്രണ്ട് പറഞ്ഞത്. 

കൈഞരമ്പ് കടിച്ചുമുറിച്ചാണ് മുറിവുണ്ടാക്കിയതെന്നാണ് ജോളി പൊലീസിനോട് പറഞ്ഞത്. പല്ലുകൊണ്ട് കൈയിലെ ഞരമ്പ് കടിച്ച് മുറിച്ചെന്നും ടൈലില്‍ ഉരച്ച് വലുതാക്കിയെന്നും ജോളി പറഞ്ഞിരുന്നു. എന്നാല്‍ പ്രതിയുടെ മൊഴി വിശ്വസനീയമല്ലെന്നാണ് ജയില്‍ സൂപ്രണ്ട് നേരത്തേ തന്നെ പറഞ്ഞിരുന്നത്. 

ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. ജയിലില്‍ ജോളിയുടെ സെല്ലില്‍ അധികൃതര്‍ കൂടുതല്‍ പരിശോധന നടത്തി. ഞരമ്പ് മുറിക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ ഒന്നും സെല്ലില്‍ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. 

രക്തം വാര്‍ന്ന നിലയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ ജോളിയെ ജയിലില്‍ കണ്ടെത്തുകയായിരുന്നു. ജയില്‍ അധികൃതര്‍ തന്നെയാണ് ജോളിയെ ആശുപത്രിയിലെത്തിച്ചത്. മുന്‍പും ജോളി ആത്മഹത്യാ ശ്രമം നടത്തിയിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രതിയുടെ ആത്മഹത്യാ പ്രവണത കണക്കിലെടുത്ത് മെഡിക്കല്‍ കോളജിലെ കൗണ്‍സിലര്‍മാരുടെ സഹായം തേടിയിരുന്നു. സുരക്ഷയെ മുന്‍ നിര്‍ത്തി ജോളിയെ മറ്റ് മൂന്ന് പേര്‍ക്ക് ഒപ്പമാണ് സെല്ലില്‍ പാര്‍പ്പിച്ചിരുന്നത്.