ഡല്‍ഹി കലാപത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം വീതം നല്‍കും: അരവിന്ദ് കെജ്‍രിവാള്‍

single-img
27 February 2020

ഡല്‍ഹിയില്‍ നടക്കുന്ന കലാപത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം വീതം നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കലാപത്തില്‍ നിലവില്‍ ചികിത്സയിൽ ഉള്ളവരുടെ ചിലവ് സർക്കാർ വഹിക്കും. അതോടൊപ്പം സ്വകാര്യ ആശുപത്രിയിലെ ബില്ല് സർക്കാർ നല്‍കുന്നതോടൊപ്പം എല്ലാവർക്കും ഭക്ഷണം എത്തിക്കും.

രാത്രി സമയങ്ങളില്‍ നാല് മജിസ്‌ട്രേറ്റുകൾ പ്രവർത്തിക്കും. വീടുകള്‍ നഷ്ടപെട്ടവർക്ക് 4 ലക്ഷവും വീട് തീയിട്ട് നശിപ്പിക്കപെട്ടവർക്ക് അവരുടെ മുഴുവൻ രേഖകളും പുതുതായി നൽകും. ഇതിന്‍റെ ഭാഗമായി വീട്, വാഹനം, കടകൾ നശിച്ചവർക്ക് ഇൻഷുറൻസ് കമ്പനികളുമായി ചേർന്ന് നഷ്ടം നികത്തും. സ്കൂള്‍ കുട്ടികൾക്ക് യൂണിഫോം, പഠനോപകരണങ്ങള്‍, കലാപത്തിൽ അകപ്പെട്ട അനാഥർക്ക് 3 ലക്ഷം എന്നിങ്ങിനെയും നല്‍കാന്‍ തീരുമാനമായി.

അതേപോലെ തന്നെ ആം ആദ്മി പാർട്ടി നേതാക്കൾ ആരെങ്കിലും കലാപത്തിൽ പങ്കാളി ആണെങ്കിൽ ഇരട്ടി ശിക്ഷ നൽകണമെന്ന് കെജ്‍രിവാള്‍ പറഞ്ഞു. സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിച്ച ആരെയും പിന്തുണക്കില്ലെന്നും വിഷയത്തിൽ രാഷ്ട്രീയം കളിക്കരുതെന്നും കെജ്‍രിവാള്‍ കൂട്ടിച്ചേര്‍ത്തു. കന്നുകാലികളെ നഷ്ടപ്പെട്ടവര്‍ക്ക് 5000 രൂപയും റിക്ഷകള്‍ നഷ്ടപ്പെട്ടവര്‍ക്ക് 25,000 രൂപയും നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കും. ഇ- റിക്ഷകള്‍ക്ക് 50000 രൂപയാണ് നഷ്ടപരിഹാരം. ഡല്‍ഹിയില്‍ തിങ്കളാഴ്ച മുതലുണ്ടായ അക്രമ സംഭവങ്ങളില്‍ 35 പേരാണ് ഇതിനകം കൊല്ലപ്പെട്ടിട്ടുള്ളത്.