ഡല്‍ഹി സംഘര്‍ഷം; മരണസംഖ്യ അഞ്ചായി, ആക്രമത്തിനാഹ്വാനം ചെയ്ത ബിജെപി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ പരാതി

single-img
25 February 2020

ഡല്‍ഹി; പൗരത്വ ഭേദഗതിയെ ചൊല്ലിയുള്ള സംഘര്‍ഷങ്ങളില്‍പ്പെട്ട് ഡല്‍ഹിയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.വടക്കു കിഴക്കന്‍ ഡല്‍ഡഹിയില്‍ വിവിധ സ്ഥലങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്. സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അക്രമത്തെ തടയാന്‍ പൊലീസ് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുകയാണ്.

അതേ സമയം ആക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്‌തെന്ന് ആരോപിച്ച ബിജെപി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ജാമിയ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പൊലീസില്‍ പരാതി നല്‍കിയത്. കപില്‍ മിശ്രയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മൂന്നു ദിവസത്തിനുള്ളില്‍ സമരക്കാരെ നീക്കണമെന്നും അല്ലെങ്കില്‍ തങ്ങള്‍ മുന്നിട്ടിറങ്ങുമെന്നുമുള്ള ബി.ജെ.പി. നേതാവ് കപില്‍ മിശ്രയുടെ പ്രസംഗമാണ് കാര്യങ്ങള്‍ വഷളാക്കിയതെന്നാണ് ആരോപണം.

സംഘര്‍ഷത്തിനിടെ പൊലീസിനു നേരെ വെടിയുതിര്‍ത്തയാളെ അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയില്‍ നിരവധി വീടുകള്‍ക്കും കടകള്‍ക്കും അക്രമികള്‍ തീയിട്ടിട്ടുണ്ട്.സംഘര്‍ഷത്തില്‍ നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടിയതോടെ ഡല്‍ഹി യുദ്ധക്കളമായി മാറിയിരിക്കുകയാണ്. പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. പേരും ജാതിയും ചോദിച്ചാണ് മര്‍ദ്ദനമെന്നുമാണ് വിവരം. അക്രമത്തിന് പോലീസ് ഒത്താശ ചെയ്യുന്നെന്നും മര്‍ദ്ദനമേറ്റവര്‍ പരാതി പറയുന്നു.