ബോളിവുഡ് താരങ്ങളോണോ ‘പ്ലീസ് ടു സ്റ്റെപ്പ് ബാക്ക്’ ; ഇൻസ്റ്റഗ്രാമിൽ റെക്കോർഡിട്ട് കിംഗ് കോലി
മുംബൈ : റെക്കോർഡുകളുടെ തോഴനാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി. ക്രിക്കറ്റ് ഗ്രൗണ്ടിൽ റൺസടിച്ചുകൂട്ടി റെക്കോർഡുകൾ സൃഷ്ടിക്കുന്ന കോലി കളത്തിനു പുറത്തും റെക്കോർഡുകൾ തകർക്കുന്നതു തുടരുന്നു. ബ്രാൻഡ് മൂല്യത്തിന്റെ കാര്യത്തിൽ റെക്കോർഡിട്ട താരം കഴിഞ്ഞ ദിവസം മറ്റൊരു നേട്ടത്തിലുമെത്തി. സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ 5 കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടമാണു കോലി കൈവരിച്ചത്.
ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തിൽ ബോളിവുഡ് താരങ്ങളെപ്പോലും പിന്നിലാക്കിയാണ് വിരാട് കോലി 50 മില്യൻ ഫോളോവേഴ്സ് എന്ന റെക്കോർഡ് നേട്ടത്തിൽ എത്തിനിൽക്കുന്നത്. ഇന്ത്യന്‍ നായകന്‍ ഇതുവരെ 930 ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാൽ 148 പേരെ മാത്രമാണ് കോലി ഇൻസ്റ്റയിൽ പിന്തുടരുന്നത്.
200 മില്യണ്‍ ഫോളോവേഴ്സുള്ള ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്കാണ് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ളത്. 4.99 കോടി ഫോളോവേഴ്സുള്ള ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് ഇൻസ്റ്റയിലെ ഇന്ത്യക്കാരിൽ 2–ാം സ്ഥാനത്ത്.44.1 മില്യൻ ഫോളോവേഴ്സുമായി ദീപിക പദുക്കോൺ മൂന്നാം സ്ഥാനത്തുമുണ്ട്.