ചെന്നൈ ഷഹീന്‍ ബാഗ്: വധുവും വരനും സമരച്ചൂടില്‍, വിവാഹവും സമരപന്തലില്‍

single-img
17 February 2020

ചെന്നൈ: ചെന്നൈ വാഷര്‍മാന്‍പേട്ടില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരപന്തല്‍ മൂന്നാം ദിനം മിന്നുകെട്ടിന് സാക്ഷിയായി. പോലീസ് അതിക്രമങ്ങളെ അതിജീവിച്ച് മൂന്ന് ദിവസമായി തുടരുന്ന ഷഹീന്‍ബാഗ് മോഡല്‍ സമരവേദിയില്‍ 22 കാരനായ ഷഹീന്‍ ഷായും 20 കാരി സുമയ്യയുമാണ് വിവാഹിതരായത്.

ചെന്നൈയില്‍ പ്രതിഷേധസമരം തുടങ്ങുന്നതുനു മുമ്പേ നിശ്ചയിച്ചതാണ് ഇരുവരും തമ്മിലുള്ള വിവാഹം. വരനും വധുവും സമരച്ചൂടില്‍ തിരക്കിലായപ്പോള്‍ വിവാഹം സമരപന്തലില്‍തന്നെ നടത്തി. പുതിയ വിഹാഹ വസ്ത്രം ധരിച്ച് വേദിയിലെത്തിയ വധു പക്ഷെ സിഎഎയ്ക്ക് എതിരായ ആ പഴയ പ്ലക്കാര്‍ഡും ഒപ്പം കരുതി. ഇതോടെ വധൂവരന്‍മാര്‍ക്ക് ആശംസയര്‍പ്പിക്കാന്‍ കൂടിയവര്‍ സിഎഎയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചു, തുടര്‍ന്ന് ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു. വേദിയിലെ ദേശീയ പതാകയ്ക്ക് മുന്നിലാണ് ചടങ്ങുകള്‍ നടന്നത്.

ചടങ്ങിന് കാര്‍മികത്വം വഹിച്ച ഇമാം ദമ്പതികളെ സദസിന് പരിചയപ്പെടുത്തുകയും ജനക്കൂട്ടം ദമ്പതികള്‍ക്കായി പ്രാര്‍ഥിക്കുകയും അവരുടെ തീരുമാനത്തെ അനുമോദിക്കുകയും ചെയ്തു.