വ്യാഴാഴ്ച അസ്തമിച്ച സൂര്യൻ ഉദിച്ചത് ശനിയാഴ്ച: ഒരു ദിവസം മുന്നിലെത്താൻ സ്വന്തം കലണ്ടറിൽ നിന്നും ഒരുദിവസം തന്നെ എടുത്തുകളഞ്ഞവർ

single-img
16 February 2020

സമയത്തിൻ്റെ സഞ്ചാരം കൗതുകകരമാണ്. നമ്മുടെ രാജ്യമായ ഇന്ത്യയിൽ നേരം പുലരുമ്പോൾ ചിലരാജ്യങ്ങളിൽ സമയം മധ്യാഹ്നമായിരിക്കും. ചിലരാജ്യങ്ങളിൽ നേരം പുലരുവാൻ പിന്നെയും മണിക്കൂറുകൾ കാത്തിരിക്കണം. പുതുവർഷം പിറന്നു കഴിഞ്ഞ് ചെെനയിൽ നിന്നും അമേരിക്കയിലേക്ക് പുറപ്പെട്ട വിമാനം അവിടെയെത്തിയപ്പോൾ അവിടെ പുതുവർഷം പിറന്നിട്ടില്ലെന്ന വസ്തുത മുമ്പ് നമ്മൾ വായിച്ചറിഞ്ഞതുമാണ്. 

 ഭൂമിശാസ്ത്രപരമായി,  ഇന്ത്യൻ സമയാധിഷ്ഠിതമായി നോക്കിയാൽ  ഓഷ്യാനോ രാജ്യങ്ങൾ മുതൽ അമേരിക്കൻ രാജ്യങ്ങൾ വരെ പലസമയക്രമങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. പുതുവർഷത്തിൻ്റെ കാര്യം തന്നെയെടുക്കാം. ഡിസംബർ 31 അവസാനിച്ച് പുതിയ ദിവസം പിറക്കുന്ന അർദ്ധരാത്രി 12 മണിക്ക് നമ്മുടെ രാജ്യം പുതുവർഷം ആഘോഷിക്കും. അതേസമയം അമേരിക്കയിൽ ജനുവരി ഒന്നിന് വൈകുന്നേരം മൂന്നുമണി കഴിയുമ്പോൾ പുതുവർഷം എത്തും. എന്നാൽ ഓഷ്യാനോ രാജ്യങ്ങളിൽ ഡിസംബർ 31 വെെകുന്നേരം മൂന്നരമണിയോടെ പുതുവർഷം എത്തിക്കഴിഞ്ഞിരിക്കും. ഈ പറഞ്ഞത് ഇന്ത്യൻ സമയ അടിസ്ഥാനത്തിലുള്ള കാര്യങ്ങളാണ്. 

2020 പുതുവര്‍ഷം ആദ്യം എത്തുന്നത് തെക്കന്‍ പസഫിക്ക് സമുദ്രത്തിലെ സമോവ ദ്വീപിലാണ്. ഓസ്ട്രേലിയയോട് അടുത്തുകിടക്കുന്ന സമോവയിൽ ഇന്ത്യന്‍ സമയം ഡിസംബർ 31 വെെകുന്നേരം മൂന്നര മണിയോടെ പുതുവര്‍ഷം പിറക്കും.  എന്നാല്‍ അവസാനം പുതുവര്‍ഷം പിറക്കുന്നത് എവിടെയാണ്? സംശയം വേണ്ട. അതും സമോവയിലാണ്. ആകെ കൺഫ്യൂഷൻ ആയല്ലേ. അങ്ങനെയാണെങ്കിൽ ഒരു കാര്യം കൂടി പറയാം. അവസാനം പുതു വർഷം ആഘോഷിക്കുന്ന സമോവ ആദ്യം പറഞ്ഞ സമോവ അല്ല. ഈ സമോവ അമേരിക്കയുടെ നിയന്ത്രണത്തിലുള്ള സമോവയാണ്.  എന്നാല്‍ ഏറ്റവും വലിയ കൗതുകം എന്തെന്നാൽ, ആദ്യം പുതുവർഷം ആഘോഷിക്കുന്ന സമോവയും അവസാനം പുതുവർഷം ആഘോഷിക്കുന്ന അമേരിക്കൻ സമോവയും തമ്മിലുള്ള ദൂരം വെറും 80 കിലോമീറ്റര്‍ മാത്രമാണ് എന്നുള്ളതാണ്. പക്ഷേ സമയ ദൈര്‍ഘ്യമോ, ഏകദേശം 24 മണിക്കൂറും. 

ആദ്യത്തെ പുതുവർഷാഘോഷം നടക്കുന്ന സമോവയില്‍ പുതുവര്‍ഷം പിറന്നു കഴിഞ്ഞ് 24 മണിക്കൂര്‍ കഴിയുമ്പോള്‍ അതായത് ഇന്ത്യന്‍ സമയം ജനുവരി ഒന്ന്, വെെകുന്നേരം മൂന്നര മണിയോടെ 80 കിലോമീറ്റർ മാത്രം അകലെയുള്ള അമേരിക്കന്‍ സമോവയില്‍ പുതുവര്‍ഷം പിറക്കും. ഇതിനിടെ ഒരു കാര്യം കൂടി പറയാം. അവസാനം പുതുവര്‍ഷമെത്തുന്നത് അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ബേക്കര്‍ ദ്വീപിലും ഹൗലാന്‍ഡ് ദ്വീപിലുമാണെന്നുള്ളതാണ് യഥാർത്ഥ വസ്തുത. എന്നാൽ  ഈ രണ്ടു ദ്വീപിലും ജനവാസമില്ലാത്തതിനാല്‍ അമേരിക്കന്‍ സമോവയെയാണ് ഇക്കാര്യത്തില്‍ രാജ്യങ്ങള്‍ കണക്കിലെടുക്കുന്നത്. 

തെക്കന്‍ പസഫിക്ക് സമുദ്രത്തില്‍ ആദ്യം പറഞ്ഞ സമോവയുടെ കിഴക്കായി 80 കിലോമീറ്റര്‍ മാറിയാണ് അമേരിക്കന്‍ സമോവ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ അമേരിക്കൻ സമോവയ്ക്ക് ഒപ്പം പുതുവർഷം അവസാനം ആഘോഷിക്കുന്ന പ്രദേശമായിരുന്നു സമോവയും. പുതുവര്‍ഷത്തെ എതിരേല്‍ക്കുന്ന ആദ്യ സ്ഥലമായി സമോവ മാറിയിട്ട് അധികം നാളായില്ല. 2012ലാണ് സമോവക്കാര്‍ തങ്ങളുടെ ചരിത്രം മാറ്റിയെഴുതിയത്. അതുവരെ അമേരിക്കന്‍ സസമോവയുടെ സമയക്രമം പിന്തുടർന്നിരുന്ന  സമോവ അമ്പരപ്പിക്കുന്ന തീരുമാനം കെെക്കൊണ്ടതിനു പിന്നിലും കാരണമുണ്ട്. 

ന്യൂസിലന്‍ഡും ഓസ്ട്രേലിയയുമാണ് സമോവയുടെ ഏറ്റവും വലിയ വാണിജ്യ ബന്ധുക്കള്‍ എന്നുള്ളതാണ് സമോവയെ സമയത്തിനു മുന്നേ നടത്തിച്ചത്. 2012 നു മുമ്പു വരെ പുതുവര്‍ഷം ആദ്യം എത്തിയിരുന്നത്. ഓസ്‌ട്രേലിയ- ന്യൂസിലന്‍ഡ് രാജ്യങ്ങള്‍ക്കും സമോവയ്ക്കും ഇടയിലുള്ള ക്രിസ്മസ് ദ്വീപിലും കരിബാത്തി ദ്വീപിലുമായിരുന്നു. അതിനുശേഷം ഒരു ദിവസം കഴിഞ്ഞു പുതുവര്‍ഷത്തെ അവസാനം വരവേല്‍ക്കുന്ന സ്ഥലമായിരുന്നു അന്ന് സമോവ. ഓസ്ട്രേലിയയും ന്യൂസിലന്‍ഡും പുതുവത്സരം ആഘോഷിച്ച് 24 മണിക്കൂര്‍ കഴിഞ്ഞു മാത്രം ആഘോഷം നടക്കുന്ന സമോവയില്‍ ഓസ്ട്രേലിയയും- ന്യൂസിലന്‍ഡുമായുള്ള വാണിജ്യ ബന്ധങ്ങളില്‍ വലിയ നഷ്ടമാണുണ്ടാക്കിയത്. കാരണം അമേരിക്കന്‍ സമയക്രമമായിരുന്നു സമോവ അതുവരെ പിന്തുടര്‍ന്നിരുന്നത്. ഓസ്ട്രേലിയയ്ക്കും ന്യൂസിലാൻഡിനും ഒരു ദിവസം പിന്നലായിരുന്നു അന്ന് സമോവ എന്നു സാരം.  

കാലങ്ങളായുള്ള ചിന്തകൾക്കൊടുവിൽ ഓസ്‌ട്രേലിയയ്ക്കും ന്യൂസിലന്‍ഡിനുമൊപ്പം പുതുവര്‍ഷം ആഘോഷിക്കുന്നതാണ് തങ്ങളുടെ രാജ്യപുരോഗതിക്കു അഭികാമ്യം എന്നു മനസ്സിലാക്കിയ സമോവക്കാര്‍ ഒടുവിൽ കണ്ടെത്തിയ പരിഹാരമായിരുന്നു ഏറ്റവും രസകരം. തങ്ങളുടെ നടപ്പു വര്‍ഷത്തില്‍ നിന്നും ഒരു ദിവസം വെട്ടിക്കുറയ്ക്കുക എന്നുള്ളതായിരുന്നു അവര്‍ കണ്ടെത്തിയ മാർഗ്ഗം. അതിനായി ബലിയാടായത് 2011 ഡിസംബര്‍ 30 വെള്ളിയാഴ്ചയായിരുന്നു. 

2011 ഡിസംബര്‍ 29 വ്യാഴാഴ്ച രാത്രി സമോവയില്‍ വിവിധാചാരങ്ങളിലുള്ള പ്രാര്‍ഥനകള്‍ക്കൊപ്പം ആഘോഷങ്ങളും നടന്നു. 29 അര്‍ദ്ധരാത്രിക്കു ശേഷം സമോവക്കാര്‍ കാലെടുത്തുവച്ചത്  ഡിസംബര്‍ 31 ശനിയാഴ്ചയിലേക്കായിരുന്നു. അതായത് ഡിസംബര്‍ 30 എന്ന ദിവസം സമോവയുടെ കലണ്ടറില്‍ നിന്നുതന്നെ ഇല്ലാതായി. അങ്ങനെ 2011 ഡിസംബര്‍ 31-ന് അവര്‍ ലോകത്ത് പുതുവത്സരം ആഘോഷിക്കുന്ന ആദ്യ രാജ്യമായി മാറുകയായിരുന്നു. 

ഉത്തര- സക്ഷിണ  ധ്രുവങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സാങ്കല്‍പിക രേഖയായ ഇന്റര്‍നാഷണല്‍ ഡേറ്റ് ലൈന്‍ അനുസരിച്ചാണ് സമയക്രമം  തീരുമാനിക്കുന്നത്. ഒരു ദിവസം ആദ്യം ആരംഭിക്കുന്നത് ഈ രേഖയുടെ പടിഞ്ഞാറ് ഭാഗത്താണ്. എന്നാൽ രാജ്യങ്ങളുടെ കിടപ്പനുസരിച്ച് ഇന്റര്‍നാഷണല്‍ ഡേറ്റ് ലൈന്‍ ഒരു നേര്‍രേഖയല്ല. ചിതറിക്കുകിടക്കുന്ന ഭൂവിഭാഗങ്ങളെ ഉള്‍കൊള്ളിക്കാന്‍ ഇതു വളഞ്ഞു പുളഞ്ഞാണ് പോകുന്നത്. നേരത്തേ അമേരിക്കന്‍ സമയം സ്വീകരിച്ചിരുന്നപ്പോള്‍ രേഖയുടെ കിഴക്കു ഭാഗത്തായിരുന്നു സമോവയുടെ സ്ഥാനം. എന്നാല്‍ അവര്‍ ഓസ്ട്രേലിയയുടെയും ന്യൂസിലന്‍ഡിന്റെയും ടൈംസോണില്‍ ചേരാന്‍ തീരുമാനിച്ചതോടെ സമോവയെ പടിഞ്ഞാറു ഭാഗത്താക്കി രേഖ മാറ്റിവരയ്ക്കുകയായിരുന്നു.

1962ല്‍ സ്വതന്ത്ര രാജ്യമായ സമോവയിൽ ജനാധിപത്യ രീതിയിലാണ്‌ ഭരണം നടക്കുന്നത്‌. അതിനുമുൻപ് ന്യൂസിലാൻഡിൻ്റെയും ജർമ്മനിയുടെയും അധീനതയിലായിരുന്നു ഈ രാജ്യം. ആകെ 2842 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്‌തീര്‍ണമുള്ള സവായി, ഉപോളു എന്നീ ദ്വീപുകള്‍ ചെരുന്ന സമോവയിൽ 195,000 മാത്രമാണ് ജനസംഖ്യ. ആപിയയാണ്‌ തലസ്‌ഥാനവും ആകെയുള്ള ഒരു വിമാനത്താവളവും. 

ഡിസംബർ 28നാണ് സമോവയിലെ പുതുവത്സരാഘോഷങ്ങൾ ആരംഭിക്കുന്നത്. പിന്നെ നാലു ദിവസം വിവിധ ആഘോഷങ്ങളാണ്. പുതുവത്സര ആഘോഷങ്ങൾ സമോവയെ സംബന്ധിച്ച് വലിയ വരുമാനം കൂടിയാണ്‌. പുതുവത്സരം ആഘോഷിക്കാന്‍ ധാരാളം പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ഇവിടേക്ക്‌ എത്തുന്നുണ്ട്. പുതുവത്സരദിനത്തില്‍ വിവാഹിതരാകാന്‍ എത്തുന്ന കാമുകീകാമുകന്മാരും നിരവധിയാണ്. ഏതു രാജ്യത്തുള്ളവര്‍ക്കു വിസയില്ലാതെ സമോവയിലേക്ക്‌ പോകാം. സമോവയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് എയര്‍പോര്‍ട്ടില്‍ നിന്നും 30 ദിവസത്തേക്കുള്ള വിസ ലഭിക്കും.