ബ്രസീല്‍ ഫുട്‌ബോള്‍ താരം ലൂസിയോ വിരമിക്കല്‍ പ്രഖ്യാപിച്ചു

single-img
30 January 2020

ബ്രസീല്‍ ഫുട്‌ബോള്‍ താരമായ ലൂസിയോ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. 2002ൽ ബ്രസീൽ ടീമിന്റെ ലോകകപ്പ് വിജയത്തിൽ പ്രധാന പങ്കുവഹിച്ച പ്രതിരോധനിരക്കാരൻ തൻെറ 41-ാം വയസിലാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. 2010ൽ നടന്ന ഇന്റര്‍മിലാൻെറ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തിലും ലൂസിയോ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

1997 ല്‍ ആദ്യമായി പോര്‍ട്ടോ അലെഗ്രോയ്ക്ക് വേണ്ടി കളിച്ചാണ് താരം കരിയര്‍ ആരംഭിച്ചത്. പിന്നീട് ക്ലബ് ഫുട്‌ബോളില്‍ ഇന്റര്‍മിലാന് പുറമെ ബയേണ്‍ മ്യൂണിക്കിന് വേണ്ടിയും ബേയര്‍ ലെവര്‍കൂസനും വേണ്ടിയും കളിച്ചിട്ടുണ്ട്. ” ഇന്ന് എന്റെ ജീവിതത്തിലെ സുപ്രധാന ദിനമാണ്. ഒരു പ്രഫഷണല്‍ ഫുട്‌ബോളര്‍ എന്ന രീതിയിലുള്ള കരിയര്‍ ഞാന്‍ അവസാനിപ്പിക്കുകയാണ്. ഇതുവരെ എന്നെ പിന്തുണച്ച എല്ലാവരോടും ഞാൻ നന്ദി പറയുന്നു”. – വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് താരം പറഞ്ഞു.

ക്ലബ് ഫുട്‌ബോളിൽ 2001-02 സീസണില്‍ ലെവര്‍കൂസന്‍ താരമായ ലൂസിയോ 2004 ലാണ് ബയേണിലെത്തുന്നത്. ഈ കാലയളവിൽ ടീമിന് വേണ്ടി മൂന്ന് ബ്യൂണ്ടേഴ്‌സ് ലീഗ് കിരീടവും മൂന്ന് ജര്‍മ്മന്‍ കപ്പും നേടിക്കൊടുത്തിട്ടുണ്ട്. തുടർന്ന് 2009 ല്‍ ബയേണില്‍ നിന്ന് ഇന്റര്‍മിലാനിലെത്തി. 2010 ൽ നടന്ന ചാമ്പ്യന്‍സ് ലീഗിൽ‍ ബയേണിനെ തോൽപ്പിച്ചാണ് മിലാന്‍ കിരീടം ചൂടിയത്.