ഹിംസാത്‌മക പ്രവൃത്തികള്‍ ചെയ്യുന്ന യോഗി ആദിത്യനാഥിന് സന്യാസി വേഷം ചേരില്ല: പ്രിയങ്ക ഗാന്ധി

single-img
30 December 2019

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. സംസഥാനറെ പോലീസ് ചെയ്തികളെ ന്യായീകരിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ അവര്‍, ഹിംസാത്‌മക പ്രവൃത്തികള്‍ ചെയ്യുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സന്യാസി വേഷം ചേരില്ലെന്നും ആരോപിച്ചു. “എന്റെ സുരക്ഷയേക്കാൾ വലുത് ജനങ്ങളുടെ സുരക്ഷയാണ്. യുപി പോലീസിന്റെ ചെയ്തികളെ ന്യായീകരിക്കാനാവില്ല.

ഇവിടെ ബിജ്‌നോറിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തെ പോലീസ് ഭീഷണിപ്പെടുത്തി. സംഘർഷത്തെ കുറിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണം,” – പ്രിയങ്ക ആവശ്യപ്പെട്ടു . അതെ സമയം യുപിയിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരപരാധികളെയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നതെന്ന് അവര്‍ ആരോപിച്ചു.

പ്രതിഷേധങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതുകൊണ്ടു പോലീസ് നടപടിക്കെതിരെ ശക്തമായ അന്വേഷണം ആവശ്യമാണെന്ന് അവര്‍ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രതിഷേധങ്ങൾക്കിടെ ലഖ്‌നൗവിൽ നടന്ന പോലീസ് മര്‍ദ്ദനവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിച്ച പ്രിയങ്ക ഗാന്ധി, രാജ്യത്തെ പൗരന്മാരുടെ സുരക്ഷയെ കുറിച്ചാണ് സംസാരിക്കുന്നത്. അവരെക്കാൾ വലുതല്ല തന്റെ സുരക്ഷയെന്നും പറഞ്ഞു.

സംഘർഷം ഉണ്ടായ ലഖ്നൗവിലെത്തിയ തന്നെ പോലീസ് മര്‍ദ്ദിച്ചെന്ന് പ്രിയങ്ക നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ ഇത് തള്ളി പ്രിയങ്കയുടെ സുരക്ഷാച്ചുമതലയുള്ള സിആര്‍പിഎഫ് രംഗത്തെത്തുകയും ചെയ്തു. ലഖ്നൗവിൽ നടത്താനിരുന്ന പരിപാടിയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രിയങ്ക നേരത്തെ നല്‍കിയിരുന്നില്ലെന്ന് സിആര്‍പിഎഫ് പറഞ്ഞു.