ബിജെപിയെ തമിഴ്നാടും കൈവിടുന്നു; പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് ഉചിതമാകില്ലെന്ന് നിലപാട്

single-img
24 December 2019

കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തില്‍ എന്‍ഡിഎ മുന്നണിയിൽ ഭിന്നത രൂക്ഷമാകുന്നു. ഇതിൽ ഏറ്റവും ഒടുവിലായി തമിഴ്‌നാട്ടില്‍ നിയമം നടപ്പിലാക്കില്ലെന്നു പറഞ്ഞ് സഖ്യകക്ഷിയായ എഐഎഡിഎംകെയുടെ മന്ത്രിയായ നീലോഫര്‍ കഫീലാണ് രംഗത്തെത്തിയിരിക്കുന്നത്. ‘തമിഴ്‌നാട്ടിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് ഉചിതമാകില്ല. നിയമം നടപ്പാക്കില്ലെന്ന് നിലപാട് സ്വീകരിച്ച മറ്റു സംസ്ഥാനങ്ങളുടെ നിലപാട് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്,’അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങൾ മുതൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിൽ ആയിരങ്ങളെ അണിനിരത്തിക്കൊണ്ട് പ്രതിപക്ഷമായ ഡിഎംകെ തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധ റാലികള്‍ നടത്തുന്നതിനിടെയാണ് സർക്കാരിൽ നിന്നുതന്നെ വിമതസ്വരം ഉയര്‍ത്തിയിരിക്കുന്നത്.

ബിജെപിയുടെ പൗരത്വ ഭേദഗതി ബില്ലിനെ പാര്‍ലമെന്റില്‍ പിന്തുണയ്ക്കുക വഴി ഭരണ കക്ഷി തമിഴരെ വഞ്ചിച്ചെന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷം ചെന്നൈയില്‍ റാലി നടത്തിയത്. പ്രതിഷേധത്തിൽ മുൻ കേന്ദ്ര മന്ത്രി പി ചിദംബരം അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും, സിപിഎം, എംഡിഎംകെ എന്നിവരും തെരുവിലിറങ്ങിയിരുന്നു.