കപ്പല്‍ വിന്യാസം ഉള്‍പ്പെടെയുള്ള സൈനിക രഹസ്യങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കി; ഏഴ് നാവിക ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

single-img
21 December 2019

ഇന്ത്യയുടെ കപ്പല്‍ വിന്യാസം ഉള്‍പ്പെടെയുള്ള സൈനിക രഹസ്യങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കിയ ഇന്ത്യയുടെ ഏഴ് നാവിക ഉദ്യോഗസ്ഥര്‍ അടക്കം എട്ടുപേര്‍ അറസ്റ്റിലായി. എൻഐഎ ഓപ്പറേഷന്‍ ഡോള്‍ഫിന്‍ നോസ് എന്ന പേരില്‍ വിവിധ സംസ്ഥാന പോലീസ് സേനകള്‍, നേവി ഇന്‍റലിജന്‍സ് എന്നിവര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവര്‍ കുടുങ്ങിയത്.

ഏഴ് നാവിക സേന അംഗങ്ങള്‍ക്ക് ഒപ്പം അറസ്റ്റിലായ മറ്റൊരാൾ ഹവാല പണമിടപാട് ഏജന്‍റാണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.കഴിഞ്ഞ മാസമായിരുന്നു രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏഴ് നാവിക ഉദ്യോഗസ്ഥര്‍ പാകിസ്ഥാന് സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നു എന്ന വിവരം എന്‍ഐഎയ്ക്ക് ലഭിക്കുന്നത്.

ഇതിനെ തുടർന്ന് ഏജൻസി രഹസ്യമായി ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനുവേണ്ടി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഓപ്പറേഷന് ഡോള്‍ഫിന്‍ നോസ് എന്ന പേര് നൽകുകയും ചെയ്തു. നിലവിൽ അറസ്റ്റിലായ ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും എന്‍ഐഎ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇവർ നേവിയിലെ താഴ്ന്ന ഗ്രേഡ് ഉദ്യോഗസ്ഥരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം.

നേവിയുടെ താഴ്ന്ന ഗ്രേഡ് ഓഫീസര്‍മാര്‍ ആയതിനാല്‍ കപ്പൽ വിന്യാസം പോലുള്ള വിവരങ്ങള്‍ ഇവര്‍ക്ക് ലഭിക്കാന്‍ സാധ്യതയില്ലെന്നും നാവിക സേന വൃത്തങ്ങള്‍ പറയുന്നത്.അതേസമയം പാകിസ്ഥാന് ഇവർ കൈമാറിയ വിവരങ്ങള്‍ എന്താണെന്ന് വിശദമായ ചോദ്യം ചെയ്യലിലെ വ്യക്തമാകൂ. ഇവര്‍ക്ക് രഹസ്യങ്ങൾ ചോർത്താൻ മറ്റ് ചില ഉദ്യോഗസ്ഥരുടെയും, സര്‍ക്കാര്‍ തലത്തിലെ ഉദ്യോഗസ്ഥരുടെയും സഹായം കിട്ടിയോ എന്ന രീതിയിലും അന്വേഷണം പുരോഗമിക്കുന്നു.