എന്ത് എന്‍ആര്‍സി? ; ബിഹാറില്‍ നിയമം നടപ്പാക്കില്ലെന്ന സൂചനയുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍

single-img
20 December 2019

കേന്ദ്ര സർക്കാർ കൊണ്ടുവന് ദേശീയ പൗരത്വ പട്ടിക ബിഹാറില്‍ നടപ്പാക്കില്ലെന്ന സൂചന നല്‍കി മുഖ്യമന്ത്രി നിതീഷ് കുമാര്‍. നിയമം നടപ്പാക്കുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്ത് എന്‍ആര്‍സി എന്നായിരുന്നു നിതീഷിന്റെ പ്രതികരണം. അതേസമയം സംസ്ഥാനത്തിൽ നിയമം ഉണ്ടാകില്ലെന്ന് നിതീഷ് കുമാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ശനിയാഴ്ച നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജെഡിയു നേതാവും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍ അവകാശപ്പെട്ടിരുന്നു.

ഇതുവരെ നിതീഷ് കുമാര്‍ എന്‍ആര്‍സി യെക്കുറിച്ച് ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല. കേന്ദ്ര സർക്കാരിൽ ബിജെപിയുടെ മറ്റൊരു സഖ്യകക്ഷിയായ അകാലിദളും എന്‍ആര്‍സി – പൗരത്വ ഭേദഗതി നിയമങ്ങളിൽ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. നേരത്തെ ദേശീയ പൗരത്വ ഭേദഗതി ബില്ലിനും എന്‍ആര്‍സിക്കുമെതിരെ നിലപാടെടുത്ത വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ അഭിനന്ദിച്ച് കൊണ്ട് പ്രശാന്ത് കിഷോര്‍ രംഗത്തു വന്നിരുന്നു.

രാജ്യത്ത് 16 ബിജെപി ഇതര മുഖ്യമന്ത്രിമാരുണ്ടെന്നും അവരാണ് ഇനി ഇന്ത്യയുടെ ആത്മാവിനെ രക്ഷിക്കേണ്ടതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതിൽ തന്നെ പഞ്ചാബ്, കേരളം, ബംഗാള്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് പൗരത്വ ബില്ലിനും എന്‍ആര്‍സിക്കുമെതിരെ നിലപാടെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.