മലയാളത്തിന്റെ ദുഃഖപുത്രിയായി എത്തി പ്രേക്ഷകമനസ്സില്‍ മുഖമുദ്ര പതിപ്പിച്ച നടിയാണ് ശാരദയെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

single-img
8 December 2019

മലയാളത്തിന്റെ ദുഃഖപുത്രിയായി എത്തി പ്രേക്ഷകമനസ്സില്‍ മുഖമുദ്ര പതിപ്പിച്ച നടിയാണ് ശാരദയെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. രാജ്യാന്തര ചലച്ചിത്രമേളയുടെ ശാരദ റെട്രോസ്‌പെക്ടീവ് വിഭാഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 47 വര്‍ഷങ്ങള്‍ക്കുശേഷം സ്വയംവരം എന്ന ചിത്രത്തിന്റെ പ്രദര്‍ശനവേദിയില്‍ എത്താന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് ശാരദ അഭിപ്രായപ്പെട്ടു.
ശാരദയ്ക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത തുലാഭാരം, സ്വയംവരം ഉള്‍പ്പെടെ 7 ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. മേളയിലെ മറ്റ് ചിത്രങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍, ഫിലിം പ്രൊജക്ടര്‍ ഉപയോഗിച്ചാണ് ഈ ചിത്രങ്ങളുടെ പ്രദര്‍ശനം.
ശാരദയുടെ ചലച്ചിത്രജീവിതം സംബന്ധിക്കുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഡോ. അനുപാപ്പച്ചന്‍ തയ്യാറാക്കിയ ശാരദപ്രഭ എന്ന പുസ്തകത്തിന്റെ പ്രകാശനം സിതാരയ്ക്ക് നല്‍കി അടൂര്‍ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, സിബി മലയില്‍, നടി സിതാര, ഡോ. അനുപാപ്പച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.