ഹിന്ദുരാജ്യ പ്രഖ്യാപനം; നിത്യാനന്ദയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി

single-img
6 December 2019

ഇന്ത്യ വിട്ടുപോയി കരീബിയൻ ദ്വീപുകളിൽ സ്ഥലം വാങ്ങി സ്വന്തമായി ഹിന്ദു രാജ്യം പ്രഖ്യാപിച്ച പിന്നാലെ ആള്‍ദൈവം നിത്യാനന്ദയുടെ പാസ്‌പോര്‍ട്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം റദ്ദാക്കി. അതേപോലെതന്നെ പുതിയ പാസ്‌പോര്‍ട്ടിനുള്ള നിത്യാനന്ദയുടെ അപേക്ഷ തള്ളിയിട്ടുമുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയതിനും അന്യായമായി തടങ്കലിലാക്കി വിശ്വാസികളില്‍ നിന്നും പണം പിരിച്ചതിനും അടക്കം നിരവധി കേസുകള്‍ നിത്യാനന്ദയ്‌ക്കെതിരെ ഇന്ത്യയിൽ നിലവിലുണ്ട്.

ഗുജറാത്തിൽ പ്രവർത്തിച്ചിരുന്ന നിത്യാനന്ദയുടെ ആശ്രമത്തിന്റെ ചുമതല വഹിച്ചിരുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തതിനു ശേഷം നിത്യാനന്ദയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം ശക്തമാക്കുന്നതിനിടെയാണ് ഇയാൾ രാജ്യം വിടുന്നത്. ഒളിവിൽ ഇരിക്കുമ്പോൾ തനിക്ക് സ്വന്തമായി രാജ്യമുണ്ടെന്ന് പ്രഖ്യാപിച്ച് നിത്യാനന്ദ രംഗത്തെത്തിയിരുന്നു.

കരീബിയൻ ദ്വീപുകളിൽ കൈലാസം എന്ന പേരും രാജ്യത്തിന്റെ പതാകയും പാസ്‌പോര്‍ട്ടും നിത്യാനന്ദ തന്നെ പുറത്തിറക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. താൻ പ്രഖ്യാപിച്ച രാജ്യത്തിന്റെ പുതിയൊരു വെബ്‌സൈറ്റും നിത്യാനന്ദ പുറത്തിറക്കി.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹിന്ദുരാഷ്ട്രമാണ് തന്റെ രാജ്യമെന്നും നിത്യാനന്ദ വെബ്‌സൈറ്റുകളില്‍ പറയുന്നു. എന്നാൽ ഈ വിഷയത്തില്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നായിരുന്നു രവീഷ് കുമാറിന്റെ പ്രതികരണം.