മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം : ഹര്‍ജിയുമായി ശിവസേന

single-img
13 November 2019

ഡല്‍ഹി : സര്‍ക്കാര്‍ രൂപീകരണം വൈകിയതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് ചോദ്യം ചെയ്ത് ശിവസേന.ഇക്കാര്യം ഉന്നയിച്ച് ശിവസേന ഇന്ന് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കും. ചീഫ് ജസ്റ്റിസിന്‍രെ ബെഞ്ചിലാകും ഹര്‍ജി മെന്‍ഷന്‍ ചെയ്യുക. ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന് ശിവസേന ആവശ്യമുന്നയിച്ചേക്കും.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ മൂന്ന് ദിവസത്തെ സമയം അനുവദിക്കാത്ത ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് ശിവസേന ഇന്നലെ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഹര്‍ജിയില്‍ പിഴവ് കണ്ടെത്തിയ സാഹചര്യത്തില്‍ ഹര്‍ജി അടിയന്തിരമായി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിടാന്‍ വിസമ്മതിച്ചു.

സര്‍ക്കാര്‍ രൂപീകരണത്തിന് തങ്ങള്‍ക്ക് മതിയായ സാവകാശം നല്‍കാതെയാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതെന്ന് ഹര്‍ജിയില്‍ ശിവസേന ചൂണ്ടിക്കാട്ടും. ശിവസേനയ്ക്കായി മുതിര്‍ന്ന നേതാവും പ്രമുഖ അഭിഭാഷകനുമായ കപില്‍ സിബലിനെ കോണ്‍ഗ്രസ് നിയോഗിച്ചു. കൃത്യമായ സമയം ബിജെപി ഒഴികെയുള്ള ഒരു കക്ഷിക്കും സര്‍ക്കാര്‍ രൂപീകരണത്തിന് നല്‍കാത്തത് കടുത്ത പക്ഷപാതിത്വമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.