മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ ‘ബുള്‍ ബുള്‍’ ചുഴലിക്കാറ്റിനെ 20 ആയി കുറച്ചു; ബംഗാളിന് രക്ഷയായത് കണ്ടല്‍ കാടുകള്‍

single-img
12 November 2019

കഴിഞ്ഞ ദിവസങ്ങളിൽ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് പശ്ചിമ ബംഗാളിലും ഇന്ത്യയുടെ അയാൾ രാജ്യമായ ബംഗ്ലാദേശിലുമായി ആഞ്ഞടിച്ച ബുള്‍ ബുള്‍ ചുഴലിക്കാറ്റില്‍ നിന്നും ബംഗാളിനെ ഒരു പരിധി വരെ സംരക്ഷിച്ചത് കണ്ടല്‍ക്കാടുകള്‍.പശ്ചിമ ബംഗാളിൽ മണിക്കൂറില്‍ 130 കിമി വേഗത്തില്‍ വീശിയ കാറ്റിനെ കേവലം 20 കിലോമീറ്റര്‍ വേഗത്തിലേക്ക് താഴ്ത്തിയാണ് കണ്ടല്‍ക്കാടുകള്‍ സംരക്ഷണത്തിന്‍റെ കോട്ട തീര്‍ത്തത്.

കാറ്റില്‍ ബംഗാളിലും ബംഗ്ലാദേശിലുമായി ജീവന്‍ നഷ്ടമായത് 20-ഓളം പേര്‍ക്കാണ്. ശക്തമായ കാറ്റില്‍ വീടുകള്‍ തകര്‍ന്നും മരങ്ങള്‍ കടപുഴകി വീണും ഇരു സ്ഥലങ്ങളിലും പത്തു പേര്‍ വീതം മരണമടഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാറ്റ് അതിന്റെ ശരിയായ വേഗതയില്‍ എത്തിയിരുന്നെങ്കില്‍ മരണസംഖ്യ ഇതിലും ഉയര്‍ന്നേനെ.

ഈ മാസം ഒമ്പതിനാണ് പശ്ചമ ബംഗാളിന്‍റെയും ബംഗ്ലാദേശിന്‍റെയും തീരപ്രദേശങ്ങളില്‍ ബുള്‍ ബുള്‍ ചുഴലിക്കാറ്റ് വീശിയത്. കാറ്റില്‍ ബംഗ്ലാദേശിലെ നാലായിരത്തോളം വീടുകള്‍ തകര്‍ന്നു. കാറ്റ് ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നിര്‍ദ്ദേശപ്രകാരം ഏകദേശം ഇരുപത് ദശലക്ഷം ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ബംഗ്ലാദേശിലുള്ള 14 തീരദേശ ജില്ലകളില്‍ നിന്നായി 1.8 മില്യണ്‍ ആളുകളെയാണ് റിലീഫ് സെന്‍ററുകളിലേക്ക് മാറ്റിയത്.

പശ്ചിമ ബംഗാളില്‍ കൊല്‍ക്കത്ത വിമാനത്താവളം എട്ടുമണിക്കൂറോളം അടച്ചിട്ടു. സംസ്ഥാനത്താകെ അഞ്ചുലക്ഷത്തോളം ആളുകളുടെ കൃഷി നശിച്ചു. സാഗര്‍ ദ്വീപില്‍ മാത്രം 10,000 മണ്‍വീടുകളും തൊട്ടടുത്തുള്ള ദ്വീപുകളില്‍ 3,000 മണ്‍വീടുകളും തകര്‍ന്നു. അതേസമയം പശ്ചിമബംഗാളിലും ബംഗ്ലാദേശിലുമായി പരന്നുകിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ‌വനമായ സുന്ദർബൻ ഡെൽറ്റ എന്ന സുന്ദര്‍വനമാണ് ബംഗാളില്‍ ബുള്‍ ബുള്‍ മൂലമുണ്ടായേക്കാവുന്ന ദുരന്തത്തിന്‍റെ ആക്കം കുറച്ചത്.

ഇക്കുറി ബുള്‍ ബുള്‍ ആഞ്ഞടിച്ചപ്പോള്‍ കൂറ്റന്‍ തിരമാലകള്‍ കാറ്റിനൊപ്പം ചേരാതിരുന്നതില്‍ പ്രധാന പങ്കു വഹിച്ചത് സുന്ദര്‍ബന്‍ കാടുകളാണെന്ന് പശ്ചിമ ബംഗാളിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കല്യാണ്‍ രുദ്ര പറയുന്നു. സമുദ്രത്തില്‍ പടിഞ്ഞാറന്‍ തീരത്തു നിന്നും കിഴക്കന്‍ തീരത്തേക്ക് കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെ സമാന്തരമായാണ് ബുള്‍ ബുള്‍ വീശിയത്. സംസ്ഥാനത്തെ നാശനഷ്ടങ്ങളുടെ വ്യാപ്തി കുറയ്ക്കാന്‍ ഇതും കാരണമായെന്ന് ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റ് കൊല്‍ക്കത്ത റീജണല്‍ ഡയറക്ടര്‍ ജി കെ ദാസ് വെളിപ്പെടുത്തുന്നു.