ഏഴ് മരണം; ബുള്‍ബുള്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളില്‍ വിതച്ചത് കനത്ത നാശം

single-img
10 November 2019

പശ്ചിമബംഗാളില്‍ കനത്ത നാശമാണ് ബുള്‍ബുള്‍ ചുഴലിക്കാറ്റ് വിതച്ചത്. കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും സംസ്ഥാനത്ത് ഏഴ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു . തലസ്ഥാനമായ കൊല്‍ക്കത്തയില്‍ ഒരാളും നോര്‍ത്ത് 24 പര്‍ഗാനയില്‍ അഞ്ചുപേരും ഈസ്റ്റ് മിഡ്നാപൂരില്‍ ഒരാളുമാണ് മരിച്ചത്. ഇതില്‍ , ശരീരത്തില്‍ മരച്ചില്ല ഒടിഞ്ഞുവീണാണ് കൊല്‍ക്കത്തയില്‍ ക്ലബ് ജീവനക്കാരന്‍ മരിച്ചത്.

ഇനിവരുന്ന 12 മണിക്കൂറിനുള്ളില്‍ കാറ്റിന്റെ വേഗത കുറയും. പശ്ചമബംഗാളിലൂടെയുള്ള കാറ്റിന്റെ വേഗത 110-120 കി.മീറ്റര്‍വരെ ആയിരുന്നു. അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി തീരദേശ മേഖലയില്‍ നിന്നും ദ്വീപുകളില്‍ നിന്നും ഒരു ലക്ഷം പേരെ ഒഴിപ്പിച്ചു. 200ഓളം ജനങ്ങള്‍ കൊല്‍ക്കത്തയിലെ പോര്‍ട്ട് ട്രസ്റ്റിലെ സാഗര്‍ പൈലറ്റ് പോലീസ് സ്റ്റേഷനില്‍ അഭയം തേടി. ഇന്ന് നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

നിലവില്‍ ദേശീയ ദുരന്ത പ്രതികരണ സേനയും പോലീസ്- അഗ്‌നിരക്ഷാസേനകളും ചേര്‍ന്ന് റോഡിലെ ഗതാഗത തടസ്സം നീക്കിക്കൊണ്ടിരിക്കുകയാണ്. സമീപ സംസ്ഥാനമായ ഒഡീഷയിലെയും പശ്ചിമ ബംഗാളിലെ തന്നെയും വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികള്‍ വിലയിരുത്തി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി അദ്ദേഹം സംസാരിക്കുകയും കേന്ദ്ര സര്‍ക്കാറിന്റെ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഇപ്പോള്‍ വടക്ക്-കിഴക്കന്‍ ദിശയിലൂടെ സുന്ദര്‍ബെന്‍ ഡെല്‍റ്റക്ക് മുകളിലൂടെ ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്ക് നീങ്ങിയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏകദേശം 120 കി.മീറ്റര്‍ വേഗതയിലാണ് കാറ്റ് ബംഗ്ലാദേശിലേക്ക് കടക്കുന്നത്.