നവംബർ 8; കേന്ദ്ര സർക്കാർ നോട്ട് നിരോധിച്ചിട്ട് മൂന്ന് വർഷം തികയുന്നു

single-img
8 November 2019

ഇന്ന് നവംബർ 8.കേന്ദ്ര സർക്കാർ ഇന്ത്യയിൽ നോട്ട് നിരോധിച്ചിട്ട് മൂന്ന് വർഷം തികയുകയാണ്. കൃത്യമായി പറഞ്ഞാല്‍ 2016 നവംബര്‍ എട്ടിനായിരുന്നു ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പിടിച്ചുലച്ച ആ തീരുമാനം വന്നത്. അന്നുവരെ വിനിമയത്തില്‍ ഉണ്ടായിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും 15.4 ലക്ഷം കോടി രൂപ ഒറ്റ പ്രഖ്യാപനത്താല്‍അസാധുവാക്കപ്പെട്ടു.

ജനങ്ങള്‍ തങ്ങളുടെ കയ്യിലുള്ള പണം എന്തു ചെയ്യണമെന്ന് അറിയാതെ നെട്ടോട്ടമോടി. രാജ്യമാകെയുള്ള ബാങ്കുകളുടെ എടിഎമ്മുകള്‍ക്ക് മുമ്പില്‍ നീണ്ട നിര തന്നെ പ്രത്യക്ഷപ്പെട്ടു. ഇതിലുണ്ടായ തിക്കിലും തിരക്കിലും മാത്രം105 പേര്‍ കൊല്ലപ്പെട്ടു.രാജ്യത്തെ 50,000 എടിഎമ്മുകള്‍ പണം ഇല്ലാതെ രണ്ടുമാസത്തോളം പ്രവര്‍ത്തിച്ചില്ല. 85 ശതമാനം വരുന്ന സാമ്പത്തിക ഇടപാടുകളും കറന്‍സി ഉപയോഗിച്ച് നടന്നിരുന്ന രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ പാടെ തകര്‍ത്ത നോട്ട് നിരോധന തീരുമാനത്തിന്റെ അലയൊലികള്‍ ഇപ്പോഴും ബാക്കിയാണ്.

നോട്ടുനിരോധനം എന്ന ഉട്ടോപ്യന്‍ തീരുമാനം നടപ്പില്‍ വന്നിട്ട് ഇന്ന് മൂന്നു കൊല്ലം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കണക്കുകള്‍ പറയുന്നു. ഏഷ്യന്‍ ഭൂഖണ്ഡത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യ എന്ന രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് സ്ഥിരതയില്‍ നിന്നും നെഗറ്റീവായി വെട്ടിക്കുറച്ച് മൂഡിസ് റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. ഇപ്പോള്‍ രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ സര്‍ക്കാര്‍ നേരിടുന്ന രീതികള്‍ ഒട്ടും തന്നെ ഫലപ്രദമല്ലെന്നും മൂഡിസ് വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായുള്ള സാമ്പത്തിക അരക്ഷിതാവസ്ഥ ഇപ്പോഴും മാറിയിട്ടില്ലെന്ന് സാമ്പത്തിക വിദഗ്ധന്മാര്‍ പറയുന്നു.

രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന വളര്‍ച്ചാ മാന്ദ്യം പോലും ഇതേത്തുടര്‍ന്നുണ്ടായതാണ്. നോട്ട് നിരോധനം മാത്രമല്ല, പിന്നാലെ വന്ന ജിഎസ്ടി കൂടി നടപ്പാക്കിയതോടെ വ്യവസായ- ഉപഭോക്തൃമേഖലകളും തകര്‍ച്ചയിലായി. ഇന്ത്യ എന്ന വിശാല രാജ്യത്തിന്റെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ഇപ്പോഴാകട്ടെ ചെലവുചുരുക്കലിന്റെ ഭാഗമായി വലിയ കമ്പനികള്‍ ആളുകളെ കൂട്ടമായി പിരിച്ചുവിടുന്നതും തുടരുന്നു. ഭാവിയില്‍ നോട്ട് നിരോധന തീരുമാനം ഇന്ത്യന്‍ സാമ്പത്തികാവസ്ഥയെ എവിടെ എത്തിക്കുമെന്നത് കാത്തിരുന്ന് തന്നെ കാണേണ്ട കാര്യമാണ്.