വെടിവെച്ചുകൊലപ്പെടുത്തുന്നതുകൊണ്ട്‌ ഒരു രാഷ്ട്രീയവും ഇല്ലാതാക്കാനാകില്ല: ബിനോയ്‌ വിശ്വം

single-img
8 November 2019

അഗളി: വെടിവെച്ചുകൊന്നതുകൊണ്ട് ഒരു രാഷ്ട്രീയവും ഇല്ലാതാക്കാനാകില്ലെന്ന് സി.പി.ഐ. നേതാവ് ബിനോയ് വിശ്വം. മാവോവാദിരാഷ്ട്രീയം ഉള്‍പ്പെടെ ഒരു രാഷ്ട്രീയവും വെടിവച്ചുകൊല്ലുന്നതിലൂടെ ഇല്ലാതാക്കാന്‍ കഴിയില്ലന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. വ്യാഴാഴ്ച അഗളിയില്‍ച്ചേര്‍ന്ന രാഷ്ട്രീയവിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം

ഒരു സമൂഹം സ്വീകരിക്കുന്ന രാഷ്ട്രീയനിലപാടിനോട് യോജിപ്പില്ലെന്നപേരില്‍ അവരെയെല്ലാം വെടിവെച്ചുകൊല്ലാം എന്നസമീപനം കമ്യൂണിസ്റ്റുപാര്‍ട്ടിക്ക് ഉള്‍ക്കൊള്ളാനാകില്ല. വ്യത്യസ്തരാഷ്ട്രീയം സ്വീകരിക്കുന്നവരെ ഇല്ലായ്മചെയ്യുന്നത് സി.പി.ഐ.യ്ക്ക് പിന്തുണക്കാനാകില്ല. നക്‌സലിസം ഉയര്‍ന്നുവന്നപ്പോള്‍മുതല്‍ ഹിംസയുടെ മാര്‍ഗം തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച പാര്‍ട്ടിയാണ് സി.പി.ഐ. അതുതന്നെയാണ് അട്ടപ്പാടിയില്‍ പോലീസ് വെടിവച്ചുകൊന്ന മാവോവാദികളുടെ കാര്യത്തിലും സി.പി.ഐ.ക്ക് പറയാനുള്ളത്.സി.പി.ഐ. മാവോവാദികളെ കാണുന്നത് വഴിതെറ്റിപ്പോയ സഖാക്കളായിട്ടാണ്. ആ മാര്‍ഗം തെറ്റാണ്. ആശയപരമായി വഴിതെറ്റിപ്പോയവരെ വര്‍ഗശത്രുവായി മുദ്രകുത്തി കൊന്നൊടുക്കുന്നത് ന്യായീകരിക്കാവുന്ന കാര്യമല്ല -ബിനോയ് വിശ്വം പറഞ്ഞു.