ഐപിഎല്ലില്‍ ഇനിമുതല്‍ പവര്‍ പ്ലെയര്‍ ; ‘പ്ലെയിങ് ഇലവന്‍’ എന്ന പേര് അപ്രസക്തം

single-img
4 November 2019

കുട്ടി ക്രിക്കറ്റായ ട്വന്റി20യുടെ ജാതകം തന്നെ മാറ്റിമറിച്ച ഇന്ത്യൻ പ്രീമിയർ ലീഗിൽ അടുത്ത സീസണ്‍ മുതല്‍ ‘പവര്‍ പ്ലെയര്‍’ സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി ബിസിസിഐ. ഈ മാറ്റം വരുന്നതോടെ ഒരു മത്സരത്തിന്റെ ഏതു ഘട്ടത്തിലായാലും ഒരു താരത്തെ ടീമുകൾക്ക് പകരക്കാരനായി ഇറക്കാനാകുമെന്നതാണ് മെച്ചം.

നിർദ്ദേശം ഇതോടകം തന്നെ അംഗീകരിക്കപ്പെട്ടെന്നും ഇനി ഐപിഎല്‍ ഗവേണിങ് കൗണ്‍സിലില്‍ക്കൂടി ചര്‍ച്ച ചെയ്ത ശേഷം അവസാന തീരുമാനം ഉണ്ടാകുമെന്നും ഒരു മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ ദേശീയ വാർത്താ ഏജൻസിയോട് വെളിപ്പെടുത്തി.

ചൊവ്വാഴ്ചയാണ് ഗവേണിങ് കൗണ്‍സില്‍ ചേരുക. അതിനാൽ ഒട്ടും വൈകാതെ തന്നെ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ നിയമ പ്രകാരംഒരു മത്സരത്തിനായി 15 അംഗ ടീമിനെ തെരഞ്ഞെടുക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. കാളി നടക്കുന്ന സമയം ഏതെങ്കിലും വിക്കറ്റ് വീഴുമ്പോഴോ, ഏതെങ്കിലും ഓവര്‍ അവസാനിക്കുമ്പോഴോ പകരക്കാരനായി ഈ 15 അംഗ ടീമില്‍ നിന്ന് ഒരാളെ കളിപ്പിക്കാനാവും.

പദ്ധതി നിലവിൽ വരുന്നതോടെ പ്ലെയിങ് ഇലവന്‍ എന്ന പേര് അപ്രസക്തമാകും. അടുത്ത് തന്നെ നടക്കാന്‍ പോകുന്ന മുഷ്താഖ് അലി ട്രോഫിയിലാകും ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുക.