28 സംസ്ഥാനങ്ങളും 9 കേന്ദ്രഭരണ പ്രദേശങ്ങളും; ഇന്ത്യയുടെ പുതിയ ഭൂപടം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി

single-img
2 November 2019

കേന്ദ്ര സർക്കാർ ഭരണഘടനയിൽ നിന്നും പ്രത്യേകാധികാരം നീക്കം ചെയ്തുകൊണ്ട് ജമ്മു കാശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് പിന്നാലെ രാജ്യത്തിന്റെ പുതിയ ഭൂപടം പുറത്തിറക്കി. ജമ്മു കാശ്മീര്‍, ലഡാക്ക് എന്നിങ്ങിനെ കേന്ദ്രഭരണ പ്രദേശം ഒക്ടോബര്‍ 31ന് നിലവില്‍ വന്ന് ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് ഇന്ത്യയുടെ പുതിയ രാഷ്ട്രീയ ഭൂപടം ആഭ്യന്തര മന്ത്രാലയം പുറത്തിറക്കുന്നത്.

ജമ്മു കാശ്മീരില്‍ ഗിരീഷ് ചന്ദ്ര മര്‍മുവിനെയും ലഡാക്കില്‍ രാധാകൃഷ്ണ മാതൂറിനെയുമാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്. രാജ്യത്തിന്റെ ആദ്യ ആഭ്യന്തര മന്ത്രിയായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 144ാമത് ജന്മവാര്‍ഷിക ദിനമായ വ്യാഴാഴ്ചയാണ് ഈ പുതിയ കേന്ദ്രഭരണ പ്രദേശങ്ങള്‍ നിലവില്‍ വന്നത്.

പുതിയ ഭൂപടത്തില്‍ രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം വീണ്ടും 28 ആയി കുറയുകയും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ 9 എണ്ണമായി വര്‍ധിക്കുകയും ചെയ്തു. ആഗസ്റ്റ് മാസം 5നായിരുന്നു ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുള്ള തീരുമാനം കേന്ദ്രം പ്രഖ്യാപിക്കുന്നത്.