ഐഎന്‍എക്സ് കേസ്: പി ചിദംബരവും മകനും ഉള്‍പ്പടെ 14 പേരെ പ്രതി ചേർത്ത് സിബിഐ കുറ്റപത്രം

single-img
18 October 2019

വിവാദമായ ഐഎന്‍എക്സ് മീഡിയാ അഴിമതിക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരം, അദ്ദേഹത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം, മീഡിയാ കമ്പനി ഉടമയായ പീറ്റര്‍ മുഖര്‍ജി, ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 14 പേരെ പ്രതിചേര്‍ത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

വരുന്ന തിങ്കളാഴ്ച ദില്ലി റോസ് അവന്യൂ കോടതി കേസ് പരിഗണിക്കും. നിലവിൽ കേന്ദ്ര എന്‍ഫോഴ്സ്മെന്‍റിന്‍റെ കസ്റ്റഡിയിലാണ് പി ചിദംബരംഉള്ളത്. ഒക്ടോബർ 24 വരെയാണ് ചിദംബരത്തെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്കഴിഞ്ഞ 55 ദിവസമായി ചിദംബരം സിബിഐ കസ്റ്റഡിയിലും തിഹാര്‍ ജയിലില്‍ റിമാന്‍റിലുമായിരുന്നു.

ഇതിൽ റിമാന്‍റ് കാലാവധി അവാസാനിച്ച ചിദംബരത്തെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ദില്ലിയിലെ സിബിഐ കോടതി ഇഡിക്ക് കസ്റ്റഡി അനുവദിച്ചത്. ആഗസ്റ്റ് മാസം 21നായിരുന്നു അഴിമതിക്കേസിൽ പി ചിദംബരത്തെ സിബിഐ കസ്റ്റഡിയിലെടുത്തത്. ഐഎൻഎക്സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് അനധികൃതമായി വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് ആരോപണം.