കാശ്മീരിലെ ജനതയ്ക്ക് ടെലഫോണ്‍ അത്ര പ്രധാനപ്പെട്ടതല്ല; ഉപയോഗപ്പെടുത്തുന്നത് തീവ്രവാദികള്‍ മാത്രം: കാശ്മീര്‍ ഗവര്‍ണര്‍

single-img
14 October 2019

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ പിന്നാലെ ജമ്മു കാശ്മീരില്‍ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ അവസാനിപ്പിച്ചത്പുനസ്ഥാപിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് പിന്നാലെ വിവാദ പ്രസ്താവനയുമായി ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് രംഗത്തെത്തി. കാശ്മീര്‍ ജനതയ്ക്ക് ടെലഫോണ്‍ അത്ര പ്രധാനപ്പെട്ടതല്ലെന്നും തീവ്രവാദികള്‍ മാത്രമാണ് ഇത് ഉപയോഗപ്പെടുത്തുക എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

‘കാശ്മീരിലെ തീവ്രവാദികള്‍ അവരുടെ പടയൊരുക്കത്തിന് വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. സംസ്ഥാനത്തില്‍ ഇന്റര്‍നെറ്റ് സേവനങ്ങളും അധികം വൈകാതെ തന്നെ പുനസ്ഥാപിക്കും’- അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ 70 ദിവസങ്ങള്‍ക്കു ശേഷമാണ് കാശ്മീരില്‍ മൊബൈല്‍ സേവനങ്ങള്‍ പുന:സ്ഥാപിച്ചത്.

നിലവില്‍ ബിഎസ്എന്‍എല്‍ പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഫോണുകളുടെ സേവനം മാത്രമാണ് പുനസ്ഥാപിച്ചത്. അതില്‍ തന്നെ ഇന്റര്‍നെറ്റ് സൗകര്യം ഇപ്പോഴും ലഭ്യമല്ല. സംസ്ഥാനമാകെ തിങ്കളാഴ്ച മുതല്‍ എല്ലാ പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഫോണ്‍ സര്‍വ്വീസുകളും പുന:സ്ഥാപിക്കുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് പിന്നാലെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എല്ലാ സര്‍വ്വീസുകളും റദ്ദാക്കിയിരുന്നു. ഇപ്പോള്‍ രണ്ട് മാസത്തിന് ശേഷമാണ് ഇപ്പോള്‍ മൊബൈല്‍ സര്‍വ്വീസുകള്‍ പൂര്‍ണമായി പുന:സ്ഥാപിക്കുന്നത്.