ചൊവ്വയിലേക്കുള്ള മാര്‍സ് റോവറില്‍ പറക്കാന്‍ കഴിഞ്ഞില്ലേലും പേരുകള്‍ ചൊവ്വയിലെത്തിക്കാമെന്ന് നാസ; 12 ലക്ഷത്തോളം ഇന്ത്യക്കാരുടെ അപേക്ഷ

single-img
14 September 2019

2020 -ല്‍ വിക്ഷേപിക്കാനിരിക്കുന്ന നാസയുടെ മാര്‍സ് റോവറിന്റെ പ്രവേശനപ്പാസ് നേടാനുള്ള ബുക്കിംഗ് ആരംഭിച്ചതോടെ വന്‍ പങ്കാളിത്തവുമായി ഇന്ത്യക്കാരും. മാര്‍സ് റോവറില്‍ പറക്കാന്‍ താല്‍പര്യപ്പെടുന്ന ശാസ്ത്ര കുതുകികള്‍ക്ക് പ്രവേശനപ്പാസും നാസ നല്‍കുന്നുണ്ട്. യാത്രചെയ്യാനാകില്ലെങ്കിലും നമ്മുടെ പേരുകള്‍ ചൊവ്വയിലെത്തിക്കാം എന്ന നാസയുടെ പ്രഖ്യാപനം ആവേശപൂര്‍വമാണ് ഇന്ത്യക്കാര്‍ സ്വീകരിച്ചത്.

വ്യാഴാഴ്ചയാണ് നാസ ട്വിറ്ററിലൂടെ ഈ ആശയം അറിയിച്ചത്. നാസയുടെ വെബ്സൈറ്റില്‍ ‘സെന്റ് യുവര്‍ നെയിം’ എന്ന വിഭാഗത്തിലാണ് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനാകുക. രജിസ്റ്റര്‍ ചെയ്തുകഴിയുമ്പോള്‍ തന്നെ മനോഹരമായ ഒരു ബോര്‍ഡിങ് പാസും ലഭിക്കും. മാര്‍സ് റോവറിന്റെ ചിത്രത്തോടൊപ്പം രജിസ്റ്റര്‍ ചെയ്തവരുടെ പേര്, റോക്കറ്റിന്റെ പേര്, പോകുന്ന മാസം, ബാര്‍കോഡ് തുടങ്ങിയവയൊക്കെയാണ് ബോര്‍ഡിങ് പാസില്‍ അടങ്ങിയിരിക്കുന്നത്. ഈ പേരുകള്‍ മൈക്രോചിപ്പിലാക്കി മാര്‍സ് റോവറില്‍ ചൊവ്വയിലേക്ക് അയക്കും.

വെള്ളിയാഴ്ച വൈകീട്ട് ആറുവരെ 1,258,674 ഇന്ത്യക്കാരാണ് ഇതുവരെ തങ്ങളുടെ പേരുകള്‍ ബോര്‍ഡിങ് പാസിനായി രജിസ്റ്റര്‍ ചെയ്തത്. രജിസ്ട്രേഷന്‍ കണക്കില്‍ ലോകത്തില്‍ രണ്ടാമതാണ് ഇന്ത്യ. 2,518,514 പേര്‍ രജിസ്റ്റര്‍ ചെയ്ത് തുര്‍ക്കി ഒന്നാംസ്ഥാനത്താണ്. മൊത്തത്തില്‍ 9,149,160 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.ഈ മാസം 30 വരെയാണ് രജിസ്റ്റര്‍ ചെയ്യാനാകുക.