കനത്ത മഴ ; മുംബൈയില്‍ രണ്ടു മരണം
മുംബൈ: മുംബൈയില്‍ കനത്ത മഴയെത്തുടര്‍ന്ന് രണ്ടു മരണം.
ബിഎംസി ജീവനക്കാരായ വിജയേന്ദ്ര സര്‍ദാര്‍ ബാഗ്ദി, ജഗദീഷ് പാര്‍മര്‍ എന്നിവരാണ് മരിച്ചത്. മുംബൈ നഗരത്തിലും മഹാരാഷ്ട്രയുടെ മറ്റു ചിലഭാഗങ്ങളിലും പെയ്യുന്ന മഴ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
ഗതാഗത തടസമാണ് ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. പലയിടത്തും പ്രധാന പാതകളിലടക്കം ഗതാഗതം തടസപ്പെട്ടു.
നിരവധി ലോക്കല്‍ ട്രെയിനുകള്‍ റദ്ദാക്കി. മിതി നദി കരകവിഞ്ഞ് ഒഴുകുന്നതിനാല്കുര്ള-സയണ്‍ ഡിവിഷനില്‍ ട്രെയിന്‍ ഗതാഗതത്തിന് തടസം നേരിടുന്നുവെന്ന് സെന്‍ട്രല്‍ റയില്‍വേ അറിയിച്ചു.
ലോണേവാല ഭാഗത്തേക്ക് ഉള്ള യാത്ര ഒഴിവാക്കണമെന്ന് ടൂറിസ്റ്റുകള്‍ക്ക് നിര്‍ദേശമുണ്ട്. രണ്ടു ദിവസത്തേക്ക് കൂടി മുംബൈയില്‍ കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ പ്രവചനം.