ഇതര മതത്തിൽപ്പെട്ട പെൺകുട്ടിയെ പ്രണയിച്ച പേരില്‍ മര്‍ദ്ദനം; പൊലീസിനെതിരെ ഡിജിപിക്ക് പരാതിയുമായി കാസര്‍കോട് സ്വദേശി
ഇതര മതത്തിലെ പെൺകുട്ടിയെ പ്രണയിതിനാൽ പോലീസ് മർദ്ദിച്ചെന്ന പരാതിയുമായി യുവാവ്. കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരം പോലീസിനെതിരെ കാസർകോട് മുള്ളേരിയ സ്വദേശിയായ അജ്മലാണ് ഡിജിപിക്ക് പരാതി നൽകിയത്. കഴിഞ്ഞ വർഷം മാർച്ചിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്.
കണ്ണൂർ നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്ന അജ്മൽ ശ്രീകണ്ഠാപുരം സ്വദേശിനിയായ പെൺകുട്ടിയുമായാണ് അടുപ്പത്തിലായി. യുവാവും യുവതിയും ഒരുമിച്ച് ബൈക്കിൽ പോകുന്നതിനിടെ പെൺകുട്ടിയുടെ ബന്ധുക്കൾ തടയുകയും ശ്രീകഠ്ണാപുരം പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. ജീപ്പിൽ വച്ചും സ്റ്റേഷനകത്ത് വച്ചും പൊലീസ് മർദ്ദിച്ചതായി അജ്മൽ പരാതിയിൽ പറഞ്ഞു.
പോലീസിന്റെ മർദ്ദനത്തിൽ തന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അജ്മൽ വ്യക്തമാക്കി.എന്നാൽ സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് ശ്രീകണ്ഠാപുരം പോലീസിന്റെ പ്രതികരണം. ഡിജിപി ലോക്നാഥ് ബെഹ്റ കാസർകോട് ജില്ലയിൽ നടത്തിയ അദാലത്തിലാണ് അജ്മൽ പരാതി നൽകിയത്. പരാതിയിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിജിപി ശ്രീകണ്ഠാപുരം പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.