സിപിഎം – സിപിഐ സംഘര്‍ഷം; പത്തനാപുരത്ത് 50 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

single-img
21 August 2019

പത്തനാപുരത്ത് സിപിഎം – സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിൽ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. അക്രമത്തില്‍ ഉള്‍പ്പെട്ട കണ്ടാലറിയുന്ന അമ്പത് പേര്‍ക്കെതിരെയാണ് പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തത്.

ഇന്നലെ രാത്രിയാണ് മീൻ ചന്തയിൽ സിപിഎം – സിപിഐ പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്.
മാര്‍ക്കറ്റില്‍ വന്ന ചരക്ക് ഇറക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയു എഐടിയുസി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം പിന്നീട് സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എത്തി ഏറ്റെടുത്തതോടെയാണ് സംഘര്‍ഷത്തിൽ കലാശിച്ചത്.

ഇതിനിടെ ചിതറിയോടിയ സിപിഎം പ്രവര്‍ത്തകര്‍ പോലീസ് വാഹനങ്ങള്‍ക്കുനേരെ കല്ലെറിഞ്ഞു. ജീപ്പ് തകര്‍ക്കുകയും ചെയ്തു. മാത്രമല്ല സ്വകാര്യ വാഹനങ്ങള്‍ക്കുനേരയും കടകൾക്കുനേരേയും കല്ലെറിഞ്ഞു. ഇതിനെ തുടര്‍ന്നാണ് കണ്ടാലറിയാവുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് പോലീസ് കേസെടുത്തത്.

പ്രദേശത്ത് ഏറെ നാളായി ഇടതുമുന്നണിയില്‍ സിപിഎം സിപിഐ പോര് രൂക്ഷമായിരുന്നു. ഇക്കാലത്തില്‍ സിഐടിയുവില്‍ നിന്ന് കുറച്ച് തൊഴിലാളികൾ എ ഐ ടി യുസിയില്‍ ചേര്‍ന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പ്രശ്നം ഉടലെടുത്തതെന്നാണ് വിവരം.