ഒൻപത് ജില്ലകളിലായി വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

single-img
15 August 2019

ഒമ്പത് ജില്ലകളിലെ വിവിധ താലൂക്കുകളിൽ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.

പത്തനംതിട്ട

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് അറിയിച്ചു. ജില്ലയിലെ മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടയം

കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം, ചങ്ങനാശേരി താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അങ്കണ വാടികള്‍ക്കും ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കുമെന്ന് കളക്ടർ വ്യക്തമാക്കി. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കും.

മലപ്പുറം

മലപ്പുറം ജില്ലയിൽ ഏറനാട്, നിലമ്പൂർ, കൊണ്ടോട്ടി താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്നും കളക്ടർ അറിയിച്ചു.

ആലപ്പുഴ

ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ ശക്തി ക്രമാതീതമായി കുറഞ്ഞതിനാലും ജില്ലയിലെ ദുരിതബാധിതരെ വിവിധ താലൂക്കുകളിൽ പുനരധിവസിപ്പിച്ചതിനാലുമാണ് അവധിയെന്ന് കളക്ടർ വിശദീകരിക്കുന്നു. പ്രൊഫഷണല്‍ കോളേജുകള്‍, അംഗന്‍വാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഈ ജില്ലകളിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല.