അടിയന്തിര ഘട്ടങ്ങളിൽ ഇനി 100 അല്ല 112-ൽ വിളിക്കണം

single-img
15 August 2019

അത്യാവശ്യഘട്ടങ്ങളില്‍ പൊലീസിനെ വിളിക്കാൻ 100 അല്ല 112 ആണ് ഇനി ഡയൽ ചെയ്യേണ്ടത്. ഏത് അടിയന്തര സാഹചര്യത്തിലും സഹായം തേടാന്‍ ഇനി 112 എന്ന നമ്പരില്‍ വിളിച്ചാല്‍ മതി. പുതിയ സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

പൊലീസിനെ വിളിക്കാന്‍ 100, ഫയര്‍ഫോഴ്സിനെ വിളിക്കാന്‍ 101, ആംബുലന്‍സ് വിളിക്കാന്‍ 108, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഹായംകിട്ടാന്‍ 181. ഇങ്ങനെ ഓരോ നമ്പരും ഇനി ഓര്‍ത്തിരിക്കേണ്ട. എന്തുസഹായത്തിനും 112 എന്ന നമ്പരിലേക്ക് സൗജന്യമായി വിളിക്കാം. പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമാന്റ് സെന്ററിലാണ് സന്ദേശം എത്തുന്നത്. വിളി എവിടെനിന്നെന്ന് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സെന്ററിന് മനസിലാകും. ജില്ലകളിലെ കണ്‍ട്രോള്‍ സെന്ററുകള്‍ മുഖേന കണ്‍ട്രോള്‍ റൂം വാഹനങ്ങളെ ഈ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഉടന്‍ സഹായം എത്തും.

എല്ലാ അടിയന്തരസേവനങ്ങൾക്കും രാജ്യവ്യാപകമായി ഒറ്റ നമ്പര്‍ ഏർപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് സംസ്ഥാനത്തും ഈ സംവിധാനം നിലവിൽ വന്നത്.

112 ഇന്ത്യ എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചും കമാൻഡ് സെൻററിന്‍റെ സേവനം ഉപയോഗിക്കാം. ഈ ആപ്പിലെ പാനിക് ബട്ടണിൽ അമർത്തിയാൽ പൊലീസ് ആസ്ഥാനത്തെ സെന്ററിൽ സന്ദേശം ലഭിക്കും. അവിടെ നിന്ന് ഈ നമ്പറിലേക്ക് തിരികെ വിളിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.

സി ഡാക് ആണ് പദ്ധതിയുടെ നോഡൽ ഏജൻസി. 6.18 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.