ഗുരുവായൂർ എക്സ്പ്രസിന് മുകളിൽ മരക്കമ്പ് വീണു; കോഴിക്കോട് വെള്ളം കയറി ഇലക്ട്രിക് സംവിധാനം തകരാറില്‍; ട്രെയിനുകള്‍ വൈകും

single-img
8 August 2019

മഴ ശക്തമായതോടെ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഇന്ന് ഇരിങ്ങാലക്കുടയ്ക്കും ചാലക്കുടിയ്ക്കും ഇടയിൽ ഗുരുവായൂർ എക്സ്പ്രസിന് മുകളിൽ മരക്കമ്പ് വീണതോടെയാണ് ട്രെയിൻ ഗതാഗതം താറുമാറായത്. ട്രെയിനിന്റെ എസി കോച്ചിന് മുകളിലേക്കാണ് മരക്കമ്പ് വീണത് ഇതോടെ കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി അടക്കമുള്ള തീവണ്ടികൾ വൈകുകയാണ്.

നിലവിൽ ജനശതാബ്ദി ആലുവയിൽ നിർത്തിയിട്ടിരിക്കുകയാണ്. അതേപോലെ കൊച്ചുവേളി – മുംബൈ എക്സ്പ്രസ് കറുകുറ്റിയിലും, തിരുവനന്തപുരം – അമൃത്സർ എക്സ്പ്രസ് ആലുവയിലും നിർത്തിയിട്ടിരിക്കുകയാണ്.

കോഴിക്കോട് ട്രാക്കിൽ വെള്ളം കയറി ഇലക്ട്രിക് സംവിധാനം തകരാറിലായതിനാൽ മാവേലി എക്സ്പ്രസ് ഫറോക്കിൽ നിർത്തിയിട്ടിരിക്കുകയാണ്. തിരുവനന്തപുരം നിന്നും മംഗലാപുരം പോകുന്ന വണ്ടി നേരത്തെ തന്നെ വൈകിയാണ് ഓടുന്നത്. കോഴിക്കോട് ട്രാക്കിൽ മരം വീണതിനാൽ ഓഖ എക്സ്പ്രസും രണ്ട് മണിക്കൂറും വൈകി.