സാങ്കേതികമായി പരീക്ഷ തട്ടിപ്പ് നടത്തി; യൂണിവേഴ്‌സിറ്റി കോളേജ് അഖിൽ വധശ്രമ കേസിലെ പ്രതികളെ പിഎസ്‍സി റാങ്ക് പട്ടികയില്‍ നിന്നും പുറത്താക്കി

single-img
5 August 2019

തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജിലെ മൂന്നാം വര്‍ഷ ചരിത്രവിദ്യാര്‍ത്ഥി അഖിലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കളെ പിഎസ്‍സി സിവില്‍ പോലീസ് പരീക്ഷയുടെ റാങ്ക് പട്ടികയില്‍ നിന്നും പുറത്താക്കി.

യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫ്ഐയുടെ നേതാക്കളും അഖില്‍ വധക്കേസ് പ്രതികളുമായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെയാണ് പിഎസ്‍സിയുടെ കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ നിന്നും നീക്കീയത്. പരീക്ഷയില്‍ മൂന്ന് പേരും സാങ്കേതികമായി പരീക്ഷ തട്ടിപ്പ് നടത്തിയെന്ന് പിഎസ്‍സി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ്‌ നടപടി. പട്ടികയില്‍ ഇവര്‍ ആദ്യ സ്ഥാനങ്ങളില്‍ എത്തിയത് വിവാദം ആയതിനെ തുടര്‍ന്ന് പിഎസ‍്‍സി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് നടത്തിയിട്ടുണ്ടാക്കാമെന്ന സംശയം ബലപ്പെടുത്തുന്നതെന്ന് ഇതു സംബന്ധിച്ച അറിയിപ്പില്‍ പറയുന്നു.

പരീക്ഷ നടക്കുന്ന സമയത്ത് ഇവര്‍ മൂന്ന് പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായാണ് സൂചന. ഈ സമയം പരീക്ഷയുടെ ഉത്തരങ്ങള്‍ ഇവര്‍ക്ക് എസ്എംഎസായി ലഭിച്ചുവെന്നാണ് നിഗമനം. പരീക്ഷയുടെ സമയത്ത് മൂന്ന് പേരുടെ മൊബൈല്‍ ഫോണുകളിലേക്കും നിരവധി തവണ എസ്എംഎസുകള്‍ വന്നുവെന്നും ഇതേക്കുറിച്ച് കേസെടുത്ത് വിശദമായി അന്വേഷിക്കാനും പിഎസ്‍സി ശുപാര്‍ശ ചെയ്യുന്നു.

നിലവില്‍ റാങ്ക് പട്ടികയില്‍ നിന്നും നീക്കിയതിന് പുറമേ മൂവരേയും ആജീവനാന്ത കാലത്തേക്ക് പിഎസ്‍സി പരീക്ഷ എഴുതുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ പോലീസ് ക്യാംപിലേക്കുള്ള പരീക്ഷയാണ് നടന്നതെങ്കിലും ഇവര്‍ മൂന്ന് പേരും തിരുവനന്തപുരത്തെ മൂന്ന് കേന്ദ്രങ്ങളില്‍ ഇരുന്നാണ് പരീക്ഷ എഴുതിയത്. പരീക്ഷയില്‍ പുറത്തു നിന്നുള്ള മറ്റാരുടെയോ സഹായം ഇവര്‍ക്ക് ഇതിനായി ലഭിച്ചുവെന്നാണ് സംശയിക്കുന്നത്. അതേപോലെ പരീക്ഷയുടെ ചോദ്യങ്ങള്‍ ഇവര്‍ എങ്ങനെ പുറത്തേക്ക് അയച്ചൂ എന്നതും ദുരൂഹമാണ്.