സെന്‍സസ്: അടുത്ത തെരഞ്ഞെടുപ്പിൽ ട്രാൻസ്ജെന്ററിനെയും ഉൾപ്പെടുത്താൻ തീരുമാനം

single-img
3 August 2019

രാജ്യത്തെ അടുത്ത സെൻസസിൽ ആൺ/പെൺ എന്നിവയ്ക്ക് പുറമെ ട്രാൻസ്ജെന്ററിനെയും ഉൾപ്പെടുത്താൻ തീരുമാനമായി. 2011 ൽ നടന്ന സെന്‍സസില്‍ 27 ലക്ഷം പേരാണ് സെൻസസ് വിവരങ്ങൾ ശേഖരിക്കാൻ പ്രവർത്തിച്ചതെങ്കിൽ 2021 ൽ ഇത് 31 ലക്ഷമാകും. അതേസമയം വീടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ സ്മാർട്ട്ഫോൺ അടക്കമുള്ളവ ഉണ്ടാകും.

വീടുകളിലെ ഡിടിഎച്ച്/കേബിൾ ടിവി കണക്ഷൻ, ഇന്റർനെറ്റ് കണക്ഷൻ, അംഗങ്ങളുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങൾ, സ്വത്ത് വിവരങ്ങൾ, കുപ്പികളിൽ വെള്ളം വാങ്ങാറുണ്ടോ, മൊബൈൽ ഫോണ്‍ നമ്പർ തുടങ്ങിയ ചോദ്യങ്ങളുണ്ടാകും.ഇത്തവണ വിവരങ്ങള്‍ ശേഖരിക്കുന്നത് കൂടുതൽ എളുപ്പമാക്കാൻ കോഡിംഗ് ഏർപ്പെടുത്താനും തീരുമാനമായി.

ഇതുവഴി പേപ്പറിന് പുറമെ, മൊബൈൽ ഫോണിൽ പ്രത്യേക ആപ്ലിക്കേഷൻ ഉപയോഗിച്ച് വിവരശേഖരണം നടത്താനും ഇവർക്ക് സാധിക്കും. ജനങ്ങളില്‍ നിന്നും വിവരശേഖരണത്തിനും വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും ജീവനക്കാർക്ക് പണം നൽകും. പുതിയതായി ഏര്‍പ്പെടുത്തിയ പരിഷ്കാരങ്ങളിലൂടെ സെൻസസ് വിവരങ്ങളുടെ ക്രോഡീകരണവും പ്രസിദ്ധീകരണവും കൂടുതൽ എളുപ്പമാകുമെന്നാണ് സെൻസസ് അതോറിറ്റിയുടെ വിലയിരുത്തൽ.

പദ്ധതിയുടെ ആദ്യ ഘട്ടമായി ഈ വർഷം ആഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 30 വരെ സെൻസസിന്റെ റിഹേഴ്‌സൽ നടക്കും. രാജ്യമാകെ 5000 എനുമെറേഷൻ ബ്ലോക്കുകളിലായി അരക്കോടിയോളം പേരിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുക.