കോഹ്‌ലിയുടെയും ശാസ്ത്രിയുടെയും താത്പര്യങ്ങള്‍ക്ക് സെലക്ഷന്‍ കമ്മിറ്റി വഴങ്ങിയിട്ടില്ല; എം.എസ്.കെ. പ്രസാദ്

single-img
31 July 2019

ഏകദിനത്തിലും ടെസ്റ്റിലുമായി ഐസിസി റാങ്കിങ്ങില്‍ ഏറെക്കാലം ഒന്നാം സ്ഥാനം അലങ്കരിച്ച ഇന്ത്യന്‍ ടീമുകളെ തിരഞ്ഞെടുത്തത് ഇപ്പോഴത്തെ സിലക്ഷന്‍ കമ്മിറ്റിയാണെന്ന് ചെയര്‍മാന്‍ എം.എസ്.കെ. പ്രസാദ്. നായകന്‍ വിരാട് കോഹ്‌ലിയുടെയും പരിശീലകന്‍ രവി ശാസ്ത്രിയുടെയും താത്പര്യങ്ങള്‍ക്ക് വഴങ്ങിയാണ് സെലക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം തെറ്റാണെന്നും എം.എസ്.കെ. പ്രസാദ് പറഞ്ഞു.

ലോകകപ്പ് സെമിഫൈനലിലെ തോല്‍വിക്ക് ശേഷവും വിരാട് കോഹ്‌ലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിലനിര്‍ത്തുന്നത് ചോദ്യം ചെയ്ത് ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കോഹ്‌ലിയുടെയും ശാസ്ത്രിയുടെയും താളത്തിന് തുള്ളുകയാണ് സെലക്ഷന്‍ കമ്മിറ്റി എന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം. ഇതിനെതിരേയാണ് മുഖ്യസെലക്ടര്‍ തന്നെ രംഗത്തുവന്നത്.

സിലക്ഷന്‍ കമ്മിറ്റിക്കെതിരായ ഗവാസ്‌കറിന്റെ വിമര്‍ശനങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് പ്രസാദ് പ്രതികരിച്ചു. കളിക്കാരെന്ന നിലയില്‍ അത്ര പ്രശസ്തരല്ലാത്തതിനാല്‍ ടീം മാനേജ്‌മെന്റ് സിലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നുവെന്ന വിമര്‍ശനവും പ്രസാദ് തള്ളിക്കളഞ്ഞു.

രാജ്യാന്തര ക്രിക്കറ്റിലെ പരിചയ സമ്പത്താണ് മികച്ച സിലക്ടര്‍ക്കുള്ള മാനദണ്ഡമെങ്കില്‍ 16ാം വയസ്സില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിലെ പ്രതിഭയെ കണ്ടെടുത്ത രാജ്‌സിങ് ദുങ്ഗാര്‍പുര്‍ സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് എത്തില്ലായിരുന്നുവെന്നും പ്രസാദ് ചൂണ്ടിക്കാട്ടി.

സുനില്‍ ഗവാസ്‌കറിന്റെ പ്രസ്താവനയ്‌ക്കെതിരേ മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഗാവസ്‌കറുടെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്നായിരുന്നു മഞ്ജരേക്കറുടെ വാദം.