54 പന്തില്‍ 122 റണ്‍സ്; വീണ്ടും ഗെയ്‌ലിന്റെ വെടിക്കെട്ട്

single-img
30 July 2019

കാനഡയില്‍ നടക്കുന്ന ഗ്ലോബല്‍ ട്വന്റി20 ക്രിക്കറ്റില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി ക്രിസ് ഗെയ്ല്‍. മോന്റ്‌റിയല്‍ ടൈഗേഴ്‌സിനെതിരേ വാങ്കോവര്‍ നൈറ്റ്‌സിന് വേണ്ടിയായിരുന്നു ഗെയ്‌ലിന്റെ സെഞ്ചുറി ഇന്നിങ്‌സ്. 54 പന്തില്‍ 12 സിക്‌സും ഏഴു ഫോറും സഹിതം പുറത്താകാതെ 122 റണ്‍സാണ് ഗെയ്ല്‍ അടിച്ചെടുത്തത്.

ഓപ്പണിങ് വിക്കറ്റില്‍ തോബിയസ് വെസ്സെയുമായി ചേര്‍ന്ന് 63 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ഗെയ്ല്‍ വിന്‍ഡീസിലെ സഹതാരം ചാഡ്‌വിക് വാള്‍ട്ടണുമായി ചേര്‍ന്ന് 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നീട് റാസി വാന്‍ഡര്‍ ഡസനുമായി ചേര്‍ന്ന് 139 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഗെയ്ല്‍ പടുത്തുയര്‍ത്തിയത്. അതും 8.5 ഓവറിനുള്ളില്‍.

വിന്‍ഡീസ് താരത്തിന്റെ ബാറ്റിങ് മികവില്‍ വാങ്കോവര്‍ നൈറ്റ്‌സ് ട്വന്റി20 ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന സ്‌കോറും കണ്ടെത്തി. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സാണ് നേടിയത്. എന്നാല്‍ മോന്റ്‌റിയല്‍ ടൈഗേഴ്‌സ് മറുപടി ബാറ്റിങ്ങിനിറങ്ങിയില്ല. മിന്നലും ഇടിയും കാരണം മത്സരം ഉപേക്ഷിക്കുകയായിരുന്നു.