ടെസ്റ്റ് ക്രിക്കറ്റില്‍ വിപ്ലവകരമായ പരിഷ്‌കാരങ്ങൾ വരുത്താനൊരുങ്ങി ഐസിസി

single-img
23 July 2019

തുടർച്ചയായി അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന്റെ ഭാഗമായി ധാരാളം പുതിയ കാര്യങ്ങള്‍ ഐസിസി ആവിഷ്‌കരിച്ചുവരുന്നുണ്ട്. അതിനോടനുബന്ധിച്ചുകൊണ്ട് ടെസ്റ്റില്‍ ഇതാദ്യമായി ലോക ചാമ്പ്യന്മാരെ കണ്ടെത്താനുള്ള ചാമ്പ്യന്‍ഷിപ്പിനും ഉടന്‍ തുടക്കമാകും.

ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പ് കഴിഞ്ഞതോടെ ആഷസ് ഉള്‍പ്പെടെയുള്ള പരമ്പരകളാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം. ഈ പരമ്പരയിൽ പുതിയ മാറ്റത്തിനും ഐസിസി തുടക്കം കുറിക്കുകയാണ്. ടെസ്റ്റിന്റെ ചരിത്രത്തിൽ ആദ്യമായി കളിക്കാരുടെ ജഴ്‌സിയില്‍ പേരും നമ്പറും ആഷസ് പരമ്പര മുതല്‍ കാണാം.

പരമ്പരയിൽ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും പുതിയ ജഴ്‌സിയണിഞ്ഞാകും മത്സരത്തിനിറങ്ങുക. ആദ്യപടിയായി നമ്പറും പേരും ചേര്‍ത്ത ജഴ്‌സി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടും പുറത്തുവിട്ടിട്ടുണ്ട്. ഇതുവരെയുള്ള ചരിത്രത്തിൽ ടെസ്റ്റ് ക്രിക്കറ്റിന്റെ തുടക്കംമുതല്‍ ഇരു ടീമുകളും വെളുത്ത ജഴ്‌സിയണിഞ്ഞാണ് കളിക്കാറുള്ളത്. ഇനിയും ഭാവിയില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വരുത്തുമെന്ന് ഐസിസി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ടെസ്റ്റിലെ ജഴ്‌സിയുടെ മാറ്റത്തിന് സമ്മിശ്ര പ്രതികരണമാണ് ആരാധകരില്‍നിന്നും ലഭിക്കുന്നത്. പുതിയ മാറ്റത്തിന് ഭൂരിഭാഗംപേരും കൈയ്യടിച്ചപ്പോള്‍ പേര് ചെറുതായി എഴുതുകയും നമ്പര്‍ വലിപ്പം കൂട്ടുകയും ചെയ്തതിനോട് പലര്‍ക്കും യോജിപ്പില്ല. അടുത്ത മാസം 1 നാണ് ഇത്തവണ ആഷസ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.