നാളെ സ്‌കൂളുകൾക്ക് അവധിയെന്ന് ജില്ലാ കളക്ടറുടെ പേരിൽ വ്യാജ സന്ദേശം പ്രചരിക്കുന്നു; നടപടിയെടുക്കാൻ കാസർകോട് പോലീസ്

single-img
23 July 2019

കാസർകോട് ജില്ലയിൽ ജില്ലാ കളക്ടറുടെ പേരിൽ വ്യാജ സന്ദേശം പ്രചരിക്കുന്നു. മഴയെ തുടർന്ന് നാളെ സ്കൂളിന് അവധി നൽകിയെന്ന തരത്തിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. സംഭവത്തിൽ കേസെടുക്കാൻ കളക്ടര്‍ പോലീസിന് നിർദേശം നൽകി. കാലവർഷം ശക്തമായതോടെ വിവിധ ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചതായുള്ള വ്യാജ പ്രചാരണങ്ങള്‍ ഏറിയിരുന്നു.

ഇതിനായി അവധി പ്രഖ്യാപിച്ചതായുള്ള കളക്ടറുടെ അറിയിപ്പ് ഉണ്ടാക്കിയാണ് വ്യാജ സന്ദേശങ്ങള്‍ വാട്സാപ്പ് വഴി പ്രചരിപ്പിക്കുന്നത്. ജില്ലയിൽ ഇത് വ്യാപകമായപ്പോഴാണ് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കാസർകോട് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പോലീസിന് നിര്‍ദ്ദേശം നല്‍കിയത്.

ജില്ലയിൽ ഇന്ന് അഞ്ചാം ദിവസവും മഴ ശക്തമായി തുടരുകയാണ്. രണ്ടു സ്ഥലങ്ങളിൽ കൂടി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ജില്ലയിലെ മധുവാഹിനി പുഴ കര കവിഞ്ഞോഴുകിയതിനെ തുടര്‍ന്ന് തീരപ്രദേശങ്ങളിലെ വീടുകള്‍ അപകടാവസ്ഥയിലാണ്.അതേപോലെ കാഞ്ഞങ്ങാട്, നീലേശ്വരം, പൂല്ലൂര്‍പെരിയ, മധൂര്‍ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലാണ്.