‘എന്റെ കാലുകള്‍ക്ക് ഇപ്പോഴും ബലമുണ്ട്’ ; പറയുന്നത് ലിയാണ്ടര്‍ പേസ് ആണ്

single-img
22 July 2019

ഇന്ത്യയുടെ എക്കാലത്തെയും വെറ്ററന്‍ താരം ലിയാണ്ടര്‍ പേസ് പങ്കാളി മാര്‍കസ് ഡാനിയേലിനൊപ്പം ഹാള്‍ ഓഫ് ഫെയിം ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലെത്തി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മാത്യൂ എബ്‌ഡെന്‍-റോബര്‍ട്ട് ലിന്‍ഡ്‌സെറ്റ് സഖ്യത്തെയാണ് 46കാരനായ പേസും ന്യൂസിലന്‍ഡുകാരനായ ഡാനിയേലും ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍പ്പിച്ചത്.

സ്കോര്‍ – 6-4, 5-7, 14-12 2006 കാലഘട്ടത്തില്‍ 47കാരനായ ജോണ്‍ മക്കനോര്‍ സാന്‍ ജോസ് ടൂര്‍ണമെന്റില്‍ സെമിയിലെത്തിയതിനുശേഷം ഈ നേട്ടം കൈവരിക്കുന്ന പ്രായം കൂടിയ താരമാണ് ലിയാണ്ടര്‍ പേസ്.

‘എന്റെ കാലുകള്‍ക്ക് ഇപ്പോഴും ബലമുണ്ട്. ടെന്നിസിലുള്ള അറിവുകളും സ്‌ട്രോക്കുകളും നഷ്ടമായിട്ടില്ല. യോജിക്കുന്ന ഡബിള്‍സ് പങ്കാളിയുണ്ടെങ്കില്‍ ഇനിയുമേറെ വിജയങ്ങള്‍ നേടാനാകും. കളിയില്‍ തുടക്കകാരനായിരുന്നപ്പോള്‍ മുതിര്‍ന്ന കളിക്കാരില്‍ നിന്നായിരുന്നു ഞാന്‍ പഠിച്ചിരുന്നത്. പക്ഷെ ഇപ്പോള്‍ യുവതാരങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയാണ്.’-പേസ് പറയുന്നു.

“പത്ത്- പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ളതിനേക്കാള്‍ മൂന്നിരട്ടി കഠിനമായി ഇപ്പോള്‍ എനിക്ക് ജോലി ചെയ്യേണ്ടിവരുന്നു. അങ്ങിനെ വരുന്നത് പ്രായത്തിന്റെ പ്രശ്‌നം മാത്രമാണ്. എന്നാല്‍ കൂടി കഠിനാധ്വാനം ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. യുവാവ് ആയിരുന്നപ്പോള്‍ ഒരു ദിവസം അഞ്ചും ആറും മണിക്കൂറുകളാണ് ഞാന്‍ പരിശീലനത്തിനായി ചെലവഴിച്ചിരുന്നത്.”-പേസ് പറഞ്ഞു.

ഇപ്പോള്‍ പ്രത്യേക മേഖലകളില്‍ മികവ് നേടുന്നതിനും പരിക്കുകള്‍ പറ്റാതിരിക്കാനുമാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. ഭക്ഷണകാര്യത്തിലും പ്രത്യേക ശ്രദ്ധയുണ്ട്- പേസ് പറയുന്നു. കരിയറില്‍ ഇതുവരെ 18 ഗ്രാന്‍സ്ലാം കിരീടങ്ങളാണ് ലിയാണ്ടര്‍ പേസ് സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ പേസും ഡാനിയേലും സെമിയില്‍ മാര്‍സെല്‍ ഗ്രനോളേഴ്‌സ്-സെര്‍ജി സ്റ്റഖോവ്‌സ്‌കി സഖ്യത്തെ നേരിടും.