ബഹ്‌റൈൻ താരത്തിന്റെ അയോഗ്യത; ഏഷ്യൻ ഗെയിംസിലെ റിലേ ടീമിന്റെ വെള്ളി മെഡല്‍ സ്വര്‍ണമാകും

single-img
20 July 2019

ജക്കാര്‍ത്തയിൽ നടന്ന ഇന്ത്യയുടെ മിക്‌സഡ് റിലേ ടീമിന്റെ ഏഷ്യന്‍ ഗെയിംസിലെ വെള്ളി മെഡല്‍ സ്വര്‍ണമെഡലായി ഉയര്‍ത്തപ്പെടും. കഴിഞ്ഞ വർഷത്തെ ഏഷ്യന്‍ ഗെയിംസിലാണ് മുഹമ്മദ് അനസ്, ഹിമ ദാസ്, ആരോക്യ രാജീവ്, എംആര്‍പൂവമ്മ എന്നിവരടങ്ങിയ ഇന്ത്യന്‍ ടീം 4-400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ വെള്ളി മെഡല്‍ നേടിയത്.

സ്വര്‍ണമെഡല്‍ സ്വന്തമാക്കിയ ബഹ്‌റൈൻ ടീമിലെ കെമി അഡെകോയയെ അത്‌ലറ്റിക്‌സ് ഇന്റഗ്രിറ്റ് യൂണിറ്റ് വിലക്കിയതോടെയാണ് ഇന്ത്യക്ക് സ്വര്‍ണമെഡല്‍ ലഭിക്കാനുള്ള സാധ്യത തെളിഞ്ഞത്. ഇദ്ദേഹം ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നാലുവര്‍ഷത്തേക്ക് മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയത്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 24-നും 28-നും ഇടയില്‍ അഡെകോയ നേടിയ വിജയങ്ങളെല്ലാം റദ്ദാക്കാനാണ് എഐയു ഉത്തരവിട്ടിരിക്കുന്നത്. 2018ലെ ഓഗസ്റ്റ് 28-നായിരുന്നു ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ റിലേ മത്സരം. അതുകൊണ്ട് ഈ മത്സരത്തിലും അഡെകോയയുടെ അയോഗ്യത പ്രാബല്യത്തിലാവും.

അങ്ങിനെ വരുമ്പോൾ ബഹ്‌റൈന്റെ മെഡൽ നഷ്ടമാകുകയും രണ്ടാം സ്ഥാനക്കാരായ ഇന്ത്യ ഒന്നാം സ്ഥാനക്കാരാവുകായും ചെയ്യും. ഫൈനലിൽ 3:11:89 ആയിരുന്നു ബഹ്‌റെയ്ന്‍ ടീം കുറിച്ച സമയം. രണ്ടാമതെത്തിയ ഇന്ത്യന്‍ ടീം 3:15:71 സമയം കൊണ്ടാണ് ഫിനിഷ് ചെയ്തത്. മത്സരത്തിനിടയിൽ ബഹ്‌റെയ്ന്‍ താരം തടസ്സമുണ്ടാക്കിയെന്ന് മത്സരത്തിനുശേഷം ഇന്ത്യ ഔദ്യോഗിമായി പരാതി നല്‍കിയിരുന്നു.

ഇന്ത്യൻ താരം ഹിമ ദാസിന്റെ ഓട്ടം ഒരു ബഹ്‌റെയ്ന്‍ സ്പ്രിന്റര്‍ തടസ്സപ്പെടുത്തിയെന്നായിരുന്നു പരാതി. എന്നാല്‍ അധികൃതർ പരാതി തള്ളുകയും ഇന്ത്യക്ക് വെള്ളി മെഡല്‍ തന്നെ നല്‍കുകയുമായിരുന്നു. ജക്കാര്‍ത്തയിൽ ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിലും അഡെകോയ സ്വര്‍ണമെഡല്‍ നേടിയിരുന്നു. ഈ മെഡലും നഷ്ടമാകും. ഇതിൽ ഇന്ത്യയുടെ അനു രാഘവന്‍ നാലാം സ്ഥാനത്തായിരുന്നു. ഇപ്പൊൾ അഡെകോയ അയോഗ്യയാകുന്നതോടെ അനു രാഘവന് വെങ്കല മെഡല്‍ ലഭിക്കും.