അമേരിക്കന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെ

single-img
13 July 2019

അമേരിക്കയുടെ ക്രിക്കറ്റ് ടീമിന്‍റെ ഇടക്കാല പരിശീലകനായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ കിരണ്‍ മോറെയെ നിയമിച്ചു. യുഎസ് ക്രിക്കറ്റ് അസോസിയേഷനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് രാജിവെച്ച പുബ്‌ദു ദസനായകെയ്‌ക്ക് പകരമാണ് മോറെയുടെ നിയമനം.

ശ്രീലങ്കന്‍ താരമായിരുന്ന കോച്ചിന് ഈ വര്‍ഷം മാര്‍ച്ച് വരെയായിരുന്ന കരാര്‍ ഡിസംബര്‍ വരെ നീട്ടിനല്‍കിയെങ്കിലും രാജിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇദ്ദേഹത്തിന് കീഴില്‍ ഹോങ്കോംഗിനെ 84 റണ്‍സിന് തോല്‍പിച്ച് അസോസിയേറ്റ് അംഗമായ അമേരിക്ക ഈ വര്‍ഷം ഏപ്രിലില്‍ ഏകദിന പദവി സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ നിയമിക്കപ്പെട്ട കിരണ്‍ മോറെ ഇന്ത്യക്കായി 49 ടെസ്റ്റുകളും 94 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ഇതിന് മുന്‍പ് ഇന്ത്യന്‍ സീനിയര്‍ ടീം മുഖ്യ സെലക്‌ടറായും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ വിക്കറ്റ് കീപ്പിംഗ് ഉപദേശകനായും മോറെ സേവനം ചെയ്തിട്ടുണ്ട്.