കേന്ദ്രസര്‍ക്കാര്‍ പറയുന്നത് പുതിയ ഇന്ത്യയെ പറ്റി; പക്ഷെ ബജറ്റില്‍ ചെയ്തത് പഴയ വീഞ്ഞ് പുതിയ കുപ്പിലാക്കുക മാത്രം: രഞ്ജന്‍ ചൗധരി

single-img
5 July 2019

രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റില്‍ പുതുതായി ഒന്നും പറയുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി. കേന്ദ്രസർക്കാർ പറയുന്നത് പുതിയ ഇന്ത്യയെപറ്റിയാണെങ്കിലും ബജറ്റിൽ പഴയ വീഞ്ഞ് പുതിയ കുപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നും രഞ്ജന്‍ ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല, തൊഴില്‍ വര്‍ധനയ്ക്കായി ഒന്നുംതന്നെ ബജറ്റില്‍ ഇല്ലെന്നും പുതുതായി ഒന്നിനും തുടക്കം കുറിച്ചിട്ടില്ലെന്നും രഞ്ജന്‍ ചൗധരി ചൂണ്ടിക്കാട്ടി.

എന്നാൽ രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് പ്രോല്‍സാഹനം നല്‍കുമെന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റവതരണത്തില്‍ പ്രഖ്യാപിച്ചിരുന്നു.

രാജ്യത്ത്കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. അടിസ്ഥാന സൗകര്യമേഖലയിലും ഡിജിറ്റല്‍ രംഗത്തും നിക്ഷേപം വര്‍ധിപ്പിക്കും. മിനിമം ഗവണ്‍മെന്റ് മാക്‌സിമം ഗവേണന്‍സ് എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞിരുന്നു.

ഇന്ധനങ്ങളിൽ നിന്നും മാറി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും. ഈ സാമ്പത്തിക വര്‍ഷം തന്നെ 3 ട്രില്യണ്‍ ഡോളറിന്റെ സാമ്പത്തിക വളര്‍ച്ച നേടും. സർവ മേഖലയിലും സ്പര്‍ശിക്കുന്ന ഡിജിറ്റല്‍ ഇന്ത്യയാണ് ലക്ഷ്യം. പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വിദേശനിക്ഷേപം കൂട്ടും.വാണിജ്യ രംഗത് ചെറുകിട വ്യാപാരികള്‍ക്കും പെന്‍ഷന്‍ നടപ്പിലാക്കും തുടങ്ങിവയായിരുന്നു ആദ്യ മണിക്കൂറിലെ പ്രഖ്യാപനങ്ങള്‍.