ഫീല്‍ഡിങ്ങില്‍ അലംഭാവം കാണിച്ച ഷമിയെ ചീത്ത വിളിച്ച് വിരാട് കോഹ്ലി
ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഫീല്‍ഡിങ്ങില്‍ അലംഭാവം കാണിച്ച ഷമിയെ വിരാട് കോഹ്ലി ചീത്ത വിളിക്കുന്ന വീഡിയോ വൈറല്‍. ‘നീ അവിടെ കിടന്നുറങ്ങുകയാണോ?’, എന്നാണ് കോഹ്ലി ഹിന്ദിയില്‍ ചോദിക്കുന്നത്. ബംഗ്ലാദേശ് ഇന്നിങ്സിന്റെ 27ാം ഓവറിലാണ് ഈ സംഭവം. ലിറ്റണ്‍ ദാസ് പന്ത് മിഡ് ഓഫിലേക്ക് അടിച്ച് സിംഗിളെടുക്കുകയായിരുന്നു. അവിടെ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഷമിയുടെ അശ്രദ്ധ മൂലമാണ് ബംഗ്ലാദേശിന് ആ ഒരു റണ്‍ കിട്ടിയത്. ഇതാണ് കോഹ്ലിയെ ചൊടിപ്പിച്ചത്.
നേരത്തെ 12ാം ഓവറിലും കോഹ്ലി ദേഷ്യം നിയന്ത്രിക്കാനാകാതെ പൊട്ടിത്തെറിച്ചിരുന്നു. ബംഗ്ലാദേശ് ഓപ്പണര്‍ സൗമ്യ സര്‍ക്കാര്‍ മുഹമ്മദ് ഷമിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. എന്നാല്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് കൊടുത്തില്ല. തുടര്‍ന്ന് ഇന്ത്യ ഡി.ആര്.എസ് ആവശ്യപ്പെട്ടു. എന്നാല്‍ പന്ത് സൗമ്യയുടെ ബാറ്റിലും പാഡിലും ഒരുപോലെ തട്ടിയാണ് കടന്നുപോയത്. ഇതോടെ മൂന്നാം അമ്പയര്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിനൊപ്പം നിന്നു.
എന്നാല്‍ പന്ത് ആദ്യം പാഡിലാണ് തട്ടിയതെന്ന് ചൂണ്ടിക്കാട്ടി കോലി ഫീല്‍ഡ് അമ്പയര്‍മാരുമായി തര്‍ക്കിച്ചു. അഫ്ഗാനിസ്താനെതിരായ മത്സരത്തിലും കോഹ്ലി ഇത്തരത്തില്‍ വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതോടെ ഇന്ത്യന്‍ താരത്തിന് മാച്ച് ഫീയുടെ 25% പിഴയായി നല്‍കേണ്ടിയും വന്നു.