പിഴ ശിക്ഷയ്ക്ക് പിന്നാലെ അംപയറോട് വീണ്ടും തര്‍ക്കിച്ച് വിരാട് കോഹ്‌ലി

single-img
3 July 2019


ബംഗ്ലദേശിനെതിരായ മല്‍സരത്തിനിടെ അംപയറോട് തര്‍ക്കിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. ബംഗ്ലദേശ് ബാറ്റ്‌സ്മാന്‍ സൗമ്യ സര്‍ക്കാരിനെതിരെ റിവ്യൂ ആവശ്യപ്പെട്ടെങ്കിലും ഔട്ട് അനുവദിക്കാത്തതിനെ തുടര്‍ന്നായിരുന്നു വിരാടിന്റെ ദേഷ്യപ്പെടല്‍.

ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മല്‍സരത്തില്‍ അംപയറെ നോക്കി അലറിയതിന് കോലിക്ക് നേരത്തേ പിഴ ശിക്ഷ ലഭിച്ചിരുന്നു. മാച്ച് ഫീയുടെ 25 ശതമാനമാണു പിഴയായി ചുമത്തിയത്. ഇതിനു പിന്നാലെയാണ് വീണ്ടും കോഹ്ലി അംപയറോട് കയര്‍ത്തത്.

മുഹമ്മദ് ഷമി എറിഞ്ഞ 12ാം ഓവറില്‍ പന്ത് പാഡില്‍ കൊണ്ടതിനെ തുടര്‍ന്നാണ് ഇന്ത്യ അപ്പീല്‍ ചെയ്തത്. എന്നാല്‍ അംപയര്‍ ഔട്ട് അനുവദിച്ചില്ല. തുടര്‍ന്ന് കോലി ഡിആര്‍എസ് ആവശ്യപ്പെട്ടു.

തേഡ് അംപയര്‍ അലിം ദറും ഔട്ട് അനുവദിക്കാതിരുന്നതോടെ കോലി ഫീല്‍ഡ് അംപയറോടു തര്‍ക്കിച്ചു. പന്ത് ബാറ്റിന് ഏറെ ചേര്‍ന്നാണ് ഉള്ളതെന്നും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനുമാണു തേഡ് അംപയറായ അലിം ദര്‍ ഫീല്‍ഡ് അംപയര്‍ മരെയ്‌സ് എരാസ്മസിനു നല്‍കിയ നിര്‍ദേശം.

ഔട്ട് അനുവദിക്കാതിരുന്നതോടെ ഇന്ത്യയ്ക്കു റിവ്യൂ നഷ്ടമാകുകയും ചെയ്തു. ഇതോടെയാണ് കോലി അംപയറിന് അടുത്തെത്തി അഭിപ്രായ വ്യത്യാസം ഉന്നയിച്ചത്. എന്നാല്‍, 33 റണ്‍സെടുത്ത സൗമ്യ സര്‍ക്കാര്‍ ഒടുവില്‍ കോലിക്കു തന്നെ ക്യാച്ച് നല്‍കിയാണ് പുറത്തായത്.

ഈ സമയത്ത് കോലി അംപയറെ നോക്കി ചൂണ്ടുവിരല്‍ ഉയര്‍ത്തി ‘ഔട്ട്’ എന്ന് ആംഗ്യം കാണിച്ചു. സംഭവത്തിനു പിന്നാലെ കോലിക്കു പിന്തുണയുമായി ആരാധകര്‍ രംഗത്തെത്തി.